തന്റെ നല്ല പാതിക്ക് കരള്‍ പകുത്തു നല്‍കാന്‍ സന്നദ്ധയായി റീജ. തുണയായി വീ കെയറും


രക്തത്തില്‍ തന്നെ ബി പോസിറ്റീവ് അലിഞ്ഞ് ചേര്‍ന്നവര്‍.. അങ്ങിനെ വിശേഷിപ്പിക്കാം കൂത്തുപറമ്പ്  സ്വദേശികളായ റീജ രമേശന്‍ ദമ്പതികളെ. ആ പോസിറ്റീവിറ്റി തന്നെയാണ് പത്താം ക്ലാസ്സുകാരനായ മകന്‍ നികേതിനും, ഭര്‍ത്താവ് രമേശനും റീജ പകര്‍ന്നു നല്‍കുന്നതും. തന്റെ നല്ല പാതിക്ക് കരള്‍ പകുത്തു നല്‍കാന്‍ റീജയെ പ്രേരിപ്പിച്ചതും ആ ധൈര്യം മാത്രമാണ്. ഞങ്ങളുണ്ട് കൂടെ എന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് ഇവരുടെ കരുത്ത്. സാമൂഹ്യ സുരക്ഷ മിഷന്‍ നല്‍കുന്ന പതിനഞ്ചു ലക്ഷം രൂപയാണ്  രമേശന്റെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വഴിയൊരുക്കുന്നത്.

നിര്‍മ്മാണ തൊഴിലാളിയാണ് ചെള്ളത്ത് രമേശന്‍. തേപ്പു പണിക്കിടെ കാല്‍ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും വന്നു തുടങ്ങിയതോടെയാണ് തന്റെ ഇഷ്ട മേഖലയായ പാചക കലയിലേക്ക് കൂടുമാറിയത്. പക്ഷെ ദീര്‍ഘനേരം നിന്നുകൊണ്ടുള്ള ജോലി തുടര്‍ന്നപ്പോഴാണ് കരള്‍ ശരീരത്തോട് പിണങ്ങാന്‍ തുടങ്ങിയത്. കടുത്ത കാലു വേദനയും ക്ഷീണവും ചര്‍ദ്ദിയും തുടങ്ങിയതോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കരളിന്റെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ കരള്‍ മാറ്റ ശസ്ത്രക്രിയ മാത്രമേ ഡോക്ടര്‍മാര്‍ക്ക്  നിര്‍ദേശിക്കാന്‍ ഉണ്ടായുള്ളൂ. പാതി പകുത്തു നല്‍കാന്‍ റീജയ്ക്കും ആലോചിക്കേണ്ടി വന്നില്ല.

ശസ്ത്രക്രിയക്കും ചികിത്സയ്ക്കും വഴി കാണാതെ വന്നപ്പോഴാണ് ശൈലജ ടീച്ചര്‍ക്ക് ഒരു കത്തയച്ചാലോ എന്നു തോന്നിയത്. ടീച്ചര്‍ നല്‍കിയ മറുപടി വീ കെയറിലൂടെയായിരുന്നു. അമൃത ആശുപത്രിയില്‍ ജനുവരി 15 നാണ് കരള്‍ മാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. 
ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞത്  ആറു മാസമെങ്കിലും വിശ്രമം ആവശ്യമാണ്. ദാതാവായ റീജയ്ക്കും മൂന്നുമാസത്തെ വിശ്രമം വേണം. ശസ്ത്രക്രിയ കഴിഞ്ഞാലും രമേശന് തുടര്‍ച്ചയായ ചികിത്സയും മരുന്നുകളും വേണം. അഞ്ചു ലക്ഷത്തോളം രൂപ ഇതിനകം തന്നെ ഇവര്‍ക്ക് ചെലവായിക്കഴിഞ്ഞു.  പന്ത്രണ്ടായിരത്തോളം രൂപ മരുന്നുകള്‍ക്കു വേണം. അടുത്തുള്ള ഒരു കടയില്‍ റീജയ്ക്കു ചെറിയ ജോലിയുണ്ട്. രണ്ട് വര്‍ഷം മുന്‍പ് പണി പൂര്‍ത്തിയായ വീടിന്റെ കടങ്ങള്‍ ഒക്കെയായി പത്തുലക്ഷത്തോളം രൂപയുടെ ബാധ്യതയുമുണ്ട്. രമേശന്റെ  ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  കുടുംബാംഗങ്ങളും സഹായവുമായി കൂടെയുണ്ട്.