ടിക്കറ്റില്ല, ചോദ്യം ചെയ്ത ടിടിഇയുടെ കൈ തിരിച്ചൊടിച്ച്‌ യാത്രക്കാരന്‍

എറണാകുളം: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ട്രെയിന്‍ ടിക്കറ്റ് പരിശോധകന്‍റെ കൈ തിരിച്ചൊടിച്ച്‌ യാത്രക്കാരന്‍. എറണാകുളം ഡിവിഷനിലെ ടിടിഇയും ആന്ധ്രാ സ്വദേശിയുമായ ചന്ദ്രബാബു ചിന്തിതയെയാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ യാത്രക്കാരന്‍ ആക്രമിച്ചത്. അസമിലെ ദിബ്രുഗഢില്‍ നിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്സ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാപാതയുള്ള ട്രെയിനാണ് വിവേക് എക്സ്പ്രസ്.

ടിക്കറ്റില്ലാതെയാണ് ഇയാള്‍ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തിരുന്നത്. ടിക്കറ്റെവിടെയെന്ന് ടിടിഇ ചോദിച്ചപ്പോള്‍ ആദ്യം ഇയാള്‍ തരാമെന്ന് പറഞ്ഞു. പിന്നീട് ടിക്കറ്റില്ലെന്ന് മനസ്സിലായി. ടിക്കറ്റ് എടുക്കണമെന്ന് കര്‍ശനമായി പറഞ്ഞതോടെ വാക്കുതര്‍ക്കമായി. ഇതിനിടെയാണ് യാത്രക്കാരന്‍ ടിടിയെ ആക്രമിച്ചത്.

ടിടിഇയെ മര്‍ദ്ദിച്ച യാത്രക്കാരന്‍ കൈ പിടിച്ച്‌ തിരിച്ചൊടിക്കുകയായിരുന്നു. ഉറക്കെ ടിടിഇ നിലവിളിച്ചതോടെ, ഇയാള്‍ അടുത്ത ചോച്ചിലേക്ക് ഓടി. തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷന് ഏതാണ്ട് അടുത്തെത്തിയപ്പോള്‍ പ്ലാറ്റ്‍ഫോമിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.

ആരാണ് ആക്രമിച്ച യാത്രക്കാരനെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കോട്ടയം ആര്‍പിഎഫ് സ്റ്റേഷനിലെത്തി ടിടിഇ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആര്‍പിഎഫ് വ്യക്തമാക്കി.