രണ്ടാം ബജറ്റ് ഫെബ്രുവരി ഒന്നിന്: ധനമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ രണ്ടാമത്തെ പൊതുബജറ്റ് ഫെബ്രുവരിയില്‍ നടക്കാനിരിക്കെ രാജ്യത്തെ മുഴുവന്‍ പ്രതീക്ഷയും കേന്ദ്രീകരിച്ചിരിക്കുന്നത് ധനമന്ത്രി നിര്‍മല സീതാരാമനില്‍. ഫെബ്രുവരി ഒന്നിന് നടക്കുന്ന ബജറ്റില്‍ സാമ്പത്തികമാന്ദ്യം മറികടക്കാനുള്ള രക്ഷാമാര്‍ഗങ്ങള്‍ ധനമന്ത്രിയില്നിന്നുണ്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞവര്‍ഷത്തെ നികുതി ഇളവുകള്‍ ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തില്‍ കുടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ജൂലൈ അഞ്ചിന് നടന്ന ആദ്യ ബജറ്റില്‍ കോര്‍പറേറ്റ് ടാക്സ് കുറക്കുന്നതുള്‍പ്പെടെയുള്ള രക്ഷാ പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ലെന്നാണ് പിന്നീട് ലഭിച്ച സൂചനകള്‍. കൂടാതെ, ആ വര്‍ഷം രാജ്യത്തെ ആഭ്യന്തര മൊത്ത വരുമാനം ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലേക്കു പതിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഏറ്റവും രൂക്ഷമായ സ്ഥിതിയിലേക്കെത്തി. ധനക്കമ്മി 1.45 ലക്ഷം കോടിയായി ഉയര്‍ന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി വാഹനം, ഹോട്ടല്‍ വ്യവസായം, ഡയമണ്ട് നിര്‍മാണം, ഔട്ട്ഡോര്‍ കേറ്ററിങ് തുടങ്ങിയ മേഖലകള്‍ക്ക് ചരക്കു സേവന നികുതിയില്‍ (ജി.എസ്.ടി) വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലംകണ്ടിട്ടില്ല.
വികസന സൗഹൃദം ഭാവി കേന്ദ്രീകൃതം എന്ന ആശയം മുന്‍നിര്‍ത്തി അവതരിപ്പിച്ച ബജറ്റില്‍ കോര്‍പറേറ്റ് നികുതി 10 മുതല്‍ 25.17 ശതമാനം വരെയാണ് കുറച്ചത്. നിലവിലുള്ള കമ്ബനികള്‍ക്ക് നികുതി 30 ശതമാനത്തില്‍നിന്ന് 22 ശതമാനമായും 2019 ഒക്ടോബര്‍ ഒന്നിനും 2023 മാര്‍ച്ച് 31 മുമ്ബും ആരംഭിക്കാനിരിക്കുന്ന ഉല്പന്ന നിര്‍മാണ കമ്ബനികള്‍ക്ക് 25ല്‍നിന്ന് 15 ശതമാനമായും നികുതി ഇളവ് പ്രഖ്യാപിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി നികുതി ഇളവുകളും പ്രഖ്യാപിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.
അതേസമയം, 2-5 കോടി വരുമാനമുള്ള വ്യക്തികളുടെ ആദായ നികുതി 35.88 ശതമാനത്തില്‍നിന്ന് 39 ശതമാനമായി ഉയര്‍ത്തിയത് തിരിച്ചടിയായി. അഞ്ചു കോടിക്കു മുകളിലുള്ളവര്‍ക്ക് നികുതി 42.7 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. അതേസമയം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചുമത്തിയിരുന്ന എയ്ഞ്ചല്‍ നികുതി പിന്‍വലിച്ചിരുന്നു.
പുതിയ രീതികള്‍ പലതും പരീക്ഷിച്ചെങ്കിലും കാര്യമായ പുരോഗതി ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ ആശയങ്ങള്‍ക്കും വ്യവസായ സൗഹൃദ നയങ്ങള്‍ക്ക് ധനമന്ത്രി രൂപംനല്‍കുമെന്നാണ് വ്യവസായലോകത്തിെന്റ പ്രതീക്ഷ.


0 Comments