പാലാരിവട്ടം മേല്‍പ്പാലം  അഴിമതി: ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം



കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. കേസില്‍ ശിക്ഷിക്കപ്പെട്ട ബെന്നി പോള്‍ എന്ന ഉദ്യോഗസ്ഥനാണ് ജനറല്‍ മാനേജറായി സ്ഥാനക്കയറ്റം നല്‍കിയത്. കിറ്റ്‌കോയുടെ നടപടി വിവാദമായിക്കഴിഞ്ഞു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ജോയിന്റ് ജനറല്‍ മാനേജറുടെ ചുമതല വഹിച്ചിരുന്ന ആളാണ് ബെന്നി പോള്‍.
ബുധനാഴ്ച പുറത്തുവന്ന ഉത്തരവില്‍ 1.1.2020 മുതല്‍ സ്ഥാനക്കയറ്റം നല്‍കിയതായി വ്യക്തമാക്കുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം പ്രൊബേഷനുണ്ട്. തുടര്‍ന്ന് സ്ഥിരനിയമനവും ലഭിക്കും. നേരത്തെ പാലാരിവട്ടം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് ബെന്നി പോള്‍ 50 ദിവസം ജയിലില്‍ കിടന്നിരുന്നു. സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കിറ്റ്കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവരും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.