മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു 

മലയാളി പ്രേക്ഷകരുടെ ഏറെ നാളത്തെ ആഗ്രഹത്തിന് അവസാനമായി. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ നായിക വേഷത്തിലല്ല മഞ്ജു സ്ക്രീനിലെത്തുന്നതെന്നാണ് അറിയുന്നത്. നിഖില വിമലും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ തന്നെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ്. കുഞ്ഞിരാമായണം എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, കോക്ക്‌ടെയില്‍ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.