ഓലമടൽ കൊണ്ട് വൈറൽ ഡാൻസ്; നർത്തകനെ തിരഞ്ഞ് സോഷ്യൽ ലോകം

നാട്ടിലെ ഉത്സവങ്ങളും പെരുന്നാളുമൊക്കെയായി ബന്ധപ്പെട്ട് സജീവമായിരുന്ന കലാവിരുന്നായിരുന്നു ഗാനമേള. ഇന്നും ചില സ്ഥലങ്ങളിൽ ആഘോഷവേളകളിൽ ഗാനമേളയും ചെണ്ടമേളവുമൊക്കെ അവതരിപ്പിക്കാറുണ്ട്. ഇതൊക്കെ കേട്ട് കേട്ട് കയ്യും കെട്ടി വെറുതെ നിൽക്കുന്നവർ ധാരാളമുണ്ടാകും. ചിലർ എല്ലാം മറന്ന് ആഘോഷിക്കാറുമുണ്ട്. അത്തരത്തിൽ ഗാനമേളക്കിടെ എല്ലാം മറന്ന് ആസ്വദിച്ച ഒരു നർത്തകനെ തിരയുകയാണ് സോഷ്യൽ ലോകം.

പരിപാടി കാണാൻ കൂടിയിരിക്കുന്ന ജനങ്ങൾക്കിടയിൽ നിന്നാണ് ഈ നൃത്തം. കൂടെ കളിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് സമീപത്തു കിടന്ന ഒരു ഓലമടലിനെ ഒപ്പം കൂട്ടി. നിലത്തു കിടന്നും മെയ്‌വഴക്കത്തോടെയുമുള്ള ഈ നൃത്തം കണ്ടതോടെ കാണികളിൽ പലരുടെയും ശ്രദ്ധ ഇവിടേയ്ക്ക് മാറി.

ഗാനമേളയ്ക്കു പോയാൽ കയ്യും കെട്ടി നോക്കി നിൽക്കുകയല്ല, മതിമറന്ന് ആസ്വദിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായത്തോടെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഈ നർത്തകൻ ആരാണ് എന്നറിയാനുള്ള കൗതുകവും ചിലർ പങ്കുവയ്ക്കുന്നുണ്ട്.