കേരളത്തില്‍ 27% അധിക മഴ; ഏറ്റവും മികച്ച പത്താമത്തെ തുലാ വര്‍ഷം
തിരുവനന്തപുരം: ഇക്കുറി തുലാവര്‍ഷം കനിഞ്ഞു. 27 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തുലാവര്‍ഷം വിടവാങ്ങുമ്ബോള്‍ കേരളത്തില്‍ പെയ്തത് 625 മില്ലീമീറ്റര്‍ മഴ. 491. 6 മില്ലിമീറ്റര്‍ പെയ്യേണ്ട സ്ഥാനത്താണ് 27 % കൂടുതല്‍ പെയ്തത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നീളുന്നതാണ് കേരളത്തിലെ തുലാവര്‍ഷം. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ പെയ്തത് 480.7 മില്ലിമീറ്റര്‍ മഴയാണ്, 3 % കുറവ്.
കാസര്‍ഗോഡ് (81%) കണ്ണൂര്‍ (63%) കൂടുതല്‍ തുലാവര്‍ഷം മഴ ലഭിച്ച ജില്ലകളില്‍ മുന്നില്‍. എന്നാല്‍, ഇടുക്കി( -10%), കൊല്ലം (-3%), തിരുവനന്തപുരം (-3%) എന്നീ ജില്ലകളില്‍ ശരാശരിയേക്കാള്‍ കുറവ് മഴ മാത്രമാണ് ലഭിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിനെയാണ് തുലാവര്‍ഷ സീസണായി കണക്കാക്കുന്നത്. സാധാരണയായി തുലാവര്‍ഷം തെക്കന്‍ ജില്ലകളില്‍ ആണ് വടക്കന്‍ ജില്ലകളെ അപേക്ഷിച്ചു കൂടുതല്‍ ലഭിക്കാറുള്ളത്. എന്നാല്‍, ഇത്തവണ മൂന്ന് തെക്കന്‍ ജില്ലകളില്‍ ശരാശരിയേക്കാള്‍ കുറവ് മഴ ലഭിച്ചപ്പോള്‍ വടക്കന്‍ ജില്ലകളില്‍ നല്ല മഴ ലഭിച്ചു.
അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍, മഹാ ചുഴലിക്കാറ്റുകളാണ് വടക്കന്‍ കേരളത്തില്‍ ഇത്തവണ കൂടുതല്‍ മഴ ലഭിക്കാന്‍ കാരണം. കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പത്താമത്തേയും 2010 നു ശേഷം ലഭിക്കുന്ന ഏറ്റവും മികച്ച തുലാവര്‍ഷവുമാണ് ഇത്തവണത്തേത്. 2010 ല്‍ ലഭിച്ച 829. 4 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച തുലാവര്‍ഷം.
അതേസമയം രാജ്യത്താകമാനം 29% മഴ അധികം രേഖപ്പെടുത്തി. 123.8 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 160 മില്ലിമീറ്റര്‍. കഴിഞ്ഞ വര്‍ഷം 44% മഴ കുറവ് ആയിരുന്നു. ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ (ഐഒഡി ) പോസിറ്റീവ് സ്ഥിതിയിലും എല്‍നിനോ ന്യുട്രല്‍ സ്ഥിതിയില്‍ തുടരുന്നതും ചുഴലിക്കാറ്റുകളുമാണ് ഇത്തവണ കൂടുതല്‍ തുലാവര്‍ഷം ലഭിക്കാനുള്ള കാര്യങ്ങള്‍. ഈ വര്‍ഷത്തെ തുലാവര്‍ഷ കാലയളവില്‍ നാലു ചുഴലിക്കാറ്റുകള്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപം കൊണ്ടു. അറബിക്കടലില്‍ ക്യാര്‍, മഹാ, ബംഗാള്‍ ഉള്‍ക്കടലില്‍ ബുള്‍ബുള്‍, ഒടുവില്‍ അറബിക്കടലില്‍ പവന്‍ എന്നിവയാണ്.
0 Comments