പുതുവര്‍ഷ സമ്മാനമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപപദ്ധതി : പ്രഖ്യാപനത്തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: പുതുവര്‍ഷ സമ്മാനമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്. സമ്ബദ്ഘടനയില്‍ ഇതൊരു ചലനവും സൃഷ്ടിക്കാന്‍ പോകുന്നില്ല.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഈ ഭീമമായ നിക്ഷേപമുണ്ടാകുമ്ബോള്‍ സാമ്ബത്തികവളര്‍ച്ചയുടെ വേഗം കൂടുകയും ഇന്ത്യ 5 ട്രില്യണ്‍ ഡോളറിന്റെ സമ്ബദ്ഘടന എന്ന ലക്ഷ്യത്തില്‍ രാജ്യം എത്തിച്ചേരുമെന്നാണ് മനഃപ്പായസമുണ്ണുന്നത്. പക്ഷേ, ഈ നിക്ഷേപം ഇന്ത്യയെ ഇന്നത്തെ സാമ്ബത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റും എന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട.- അദ്ദേഹം ഫെയ്‌സബുക്ക് പോസ്റ്റില്‍ പറഞ്ഞു.
102 ലക്ഷം കോടി രൂപ കേന്ദ്രവും സംസ്ഥാനവും സ്വകാര്യ നിക്ഷേപകരും കൂടി നടത്തേണ്ടതാണ്. ഇതില്‍ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവുമാണ് മുതല്‍മുടക്കുന്നത്. 22 ശതമാനം സ്വകാര്യ നിക്ഷേപകരും. അതായത് കേന്ദ്രസര്‍ക്കാര്‍ മുടക്കേണ്ടത് 5 വര്‍ഷം കൊണ്ട് 40 ലക്ഷം കോടി രൂപ.
ഇപ്പോള്‍ത്തന്നെ 8 ലക്ഷം കോടി രൂപ വീതം കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം പശ്ചാത്തല സൗകര്യ നിര്‍മ്മാണത്തില്‍ മുതല്‍മുടക്കുന്നുണ്ട്. ഈ തോത് അടുത്ത വര്‍ഷങ്ങളില്‍ നിലനിര്‍ത്തുമെന്നു മാത്രം. അതിനപ്പുറമൊന്നും ഈ പാക്കേജില്‍ കേന്ദ്രവിഹിതമില്ല. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കമ്മി ഉയര്‍ത്തി നിക്ഷേപത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായ വര്‍ദ്ധന നടത്തണം എന്ന ആവശ്യം എല്ലാ കോണുകളില്‍നിന്നും ഉയരുന്നുണ്ട്. അതിനൊരു പരിപാടിയൊന്നും കേന്ദ്രധനമന്ത്രിയുടെ കൈവശമില്ല. പതിവുപോലെ കാര്യങ്ങള്‍ തുടരും. അത്രമാത്രം.- അദ്ദേഹം കുറിച്ചു.
0 Comments