പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന റാലിക്കായി അമിത് ഷാ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ പങ്കെടുക്കുന്നതിനായി ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേരളത്തിലെത്തും. ഈ മാസം 15-ന് ശേഷമായിരിക്കും അമിത് ഷാ കേരളത്തിലെത്തുക. മലബാര്‍ മേഖലയില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. എവിടെയാണ് റാലി നടത്തുക എന്നത് തീരുമാനമായിട്ടില്ല.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ഈ മാസം 15 മുതല്‍ 25 വരെ പ്രചാരണ പരിപാടികള്‍ നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. പ്രചാരണത്തിനായി ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. പഞ്ചായത്ത് തലത്തില്‍ റാലികളും ജനസമ്ബര്‍ക്ക പരിപാടികളും നടത്തും. ആര്‍എസ്‌എസും പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കും. പൗരത്വ നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നിയമത്തെ എതിര്‍ത്ത് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച്‌ വരുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തു. ഒത്തൊരുമിച്ചുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കും ചെയ്തു. നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെയും കേരളത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. ഈ സാഹചര്യങ്ങളിലാണ് അമിത് ഷായെ തന്നെ പങ്കെടുപ്പിച്ച്‌ കൊണ്ട് പ്രചാരണങ്ങള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

പ്രതിഷേധം ശക്തമായ മറ്റു സംസ്ഥാനങ്ങളിലെ റാലികളിലും അമിത് ഷാ പങ്കെടുത്ത് വരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കുനേരെ രാജ്യവ്യാപകമായി ഉയരുന്ന എതിര്‍പ്പു മറികടക്കാന്‍ ബി.ജെ.പി.യുടെ തോറും കയറിയിറങ്ങിയുള്ള പ്രചാരണ പരിപാടി ഞായറാഴ്ച തുടങ്ങും. പാര്‍ട്ടിഅധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലെയും വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെയും വീടുകള്‍ സന്ദര്‍ശിക്കും.