ലൈസന്‍സുണ്ടോ? റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി കാര്‍ വാടകയ്ക്കു കിട്ടും

കൊച്ചി: റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് കാര്‍ വാടകയ്‌ക്കെടുത്ത് സ്വയംഓടിച്ചുപോകാനുള്ള സൗകര്യമൊരുങ്ങുന്നു. ദക്ഷിണ റെയില്‍വേക്കു കീഴിലെ ആദ്യ 'റെന്റ് എ കാര്‍' സംവിധാനത്തിന് കേരളത്തില്‍ തുടക്കമാകുകയാണ്. തിരുവനന്തപുരം ഡിവിഷനുകീഴിലുള്ള നാല് റെയില്‍വേ സ്റ്റേഷനുകളില്‍ ഈ മാസം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണിത്.

ഓരോ സ്‌റ്റേഷനിലും അഞ്ചുവീതം കാറുകളുണ്ടാകും. നിര്‍ദേശിച്ച സ്ഥലത്ത് നിശ്ചിതസമയത്തിനുള്ളില്‍ കാര്‍ തിരിച്ചേല്‍പ്പിച്ചാല്‍ മതി. കാര്‍ ബുക്ക് ചെയ്യാനുള്ള കിയോസ്‌ക് റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിക്കും. ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും പരിഗണനയിലുണ്ട്. ഇന്‍ഡസ് ഗോ എന്ന ഏജന്‍സിയെയാണ് പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി വിജയകരമെന്നുകണ്ടാല്‍ മറ്റു റെയില്‍വേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ എം. ബാലമുരളി പറഞ്ഞു. ഇതുവഴി മൂന്നുമാസത്തേക്ക് മൂന്നര ലക്ഷത്തിലേറെ രൂപ ലൈസന്‍സ് ഫീസ് ഇനത്തില്‍മാത്രം റെയില്‍വേക്ക് വരുമാനം ലഭിക്കും. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച്‌ ചെങ്ങന്നൂരില്‍ റെന്റ് എ ബൈക്ക് പദ്ധതി തുടങ്ങിയിരുന്നു.