പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 19ന്


ജില്ലയില്‍ രണ്ട് ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കും
അഞ്ച് വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളി മരുന്ന് നല്‍കി പോളിയോ രോഗാണു സംക്രമണം തടയുന്നതിനുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജനുവരി 19ന് നടക്കും. 2014 ല്‍ ഇന്ത്യ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പട്ടിട്ടുണ്ടെങ്കിലും അയല്‍രാജ്യങ്ങളായ പാകിസ്താനിലും അഫ്ഗാനിസ്താനിലും പോളിയോ ബാധ വര്‍ധിച്ച സാഹചര്യത്തിലാണ് തുള്ളിമരുന്ന് വിതരണം. കേരളത്തിലെ വര്‍ധിച്ച ജനസാന്ദ്രതയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് എത്തുന്നവരുടെയും കേരളത്തില്‍ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെയും എണ്ണത്തിലുള്ള വര്‍ധനവും പോളിയോ തുള്ളിമരുന്ന് ക്യാമ്പയിന്‍ അനിവാര്യമാക്കിയതായി ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
ജില്ലയില്‍ അഞ്ചു വയസ്സിനു താഴെയുള്ള 1,86,795 കുട്ടികള്‍ക്കും ഇതരസംസ്ഥാനക്കാരുടെ 1416 കുട്ടികള്‍ക്കും തുള്ളിമരുന്ന് വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, സിഎച്ച്‌സികള്‍, പിഎച്ച്‌സികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 1901 ബൂത്തുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പു ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനാപ്രതിനിധികള്‍ തുടങ്ങി പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും തുള്ളിമരുന്ന് വിതരണത്തില്‍ പങ്കാളികളാകും. യാത്രക്കാരെ പരിഗണിച്ച് എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി 54 ട്രാന്‍സിറ്റ് ബൂത്തുകളും 112 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും. കോര്‍പ്പറേഷനും മുന്‍സിപ്പാലിറ്റികള്‍ക്കുമായി പ്രത്യേക കര്‍മ്മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് തുള്ളിമരുന്ന് നല്‍കുക.
നേരത്തേ പോളിയോ തുള്ളിമരുന്ന് നല്‍കിയ കുട്ടികള്‍ക്കും ക്യാമ്പയിന്റെ ഭാഗമായി അത് നല്‍കണമെന്ന് ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി അറിയിച്ചു. പോളിയോ വാക്‌സിന് പാര്‍ശ്വഫലങ്ങളൊന്നുമില്ല. ഇത് കുട്ടികളില്‍ യാതൊരു രോഗവും ഉണ്ടാക്കുകയുമില്ല. ദേശീയ പള്‍സ് പോളിയോ ദിനത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാ നവജാത ശിശുക്കള്‍ക്കും പള്‍സ് പോളിയോ വാക്‌സിന്‍ നല്‍കണം. ഇത് തീര്‍ത്തും സുരക്ഷിതവുമാണ്. വയറിളക്കമോ മറ്റ് രോഗങ്ങളോ ഉള്ള കുട്ടികള്‍ക്കും രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കാവുന്നതാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ 1995ല്‍ പള്‍സ് പോളിയോ പരിപാടി ആരംഭിച്ചിരുന്നു. 2011 ജനുവരി 13ന് പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്നുമാണ് ഏറ്റവും ഒടുവില്‍ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ 2000 സപ്തംബറിലായിരുന്നു അവസാനത്തെ കേസ്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍,  ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ എന്നിവര്‍ ജില്ലാതലത്തില്‍ പരിപാടിയുടെ മേല്‍നോട്ടം നിര്‍വ്വഹിക്കും. കൂടാതെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ബ്ലോക്ക് തലത്തിലുള്ള മേല്‍നോട്ടത്തിന്റെ ചുമതലയുണ്ടാവും. സംസ്ഥാനതല നിരീക്ഷകര്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും പരിപാടി വിജയകരമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തും. റോട്ടറി ഇന്റര്‍നാഷണല്‍, ഐഎംഎ, ഐഎപി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പള്‍സ് പോളിയോ പ്രതിരോധ പരിപാടി നടക്കുക.
ക്യാമ്പയിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഡിഎമ്മിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ഇ മോഹനന്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി, ഹോമിയോ ഡിഎംഒ ഡോ. വി അബ്ദുസ്സലാം, റോട്ടറി ഇന്‍ര്‍നാഷനല്‍, ഐഎംഎ, ഐഎപി എന്നിവയുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.