പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: പ്രക്ഷോഭങ്ങളും എതി‍‌ര്‍പ്പും ശക്തമായി തുടരുന്നതിനിടെ പൗരത്വ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമം നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. രാജ്യവ്യാപകമായി പൗരത്വനിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുമ്ബോഴും കേന്ദ്രം മുന്നോട്ട് തന്നെയാണ്. നിയമം ഇന്ന് മുതല്‍ നിലവില്‍ വന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്. സുപ്രീം കോടതിയിലെ ഹര്‍ജികള്‍ തീര്‍പ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു.

വിജ്ഞാപനമിറക്കുന്നതിന് മുമ്ബ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം നിലപാടെടുത്തിരുന്നതാണ്, നിയമം പാസാക്കുന്നതിന് മുമ്ബ് ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നതാണ് കേന്ദ്ര നിലപാട്. സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേയും ഇല്ലാത്ത സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ ഇനി താമസിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് കേന്ദ്രം എത്തിയിരിക്കുന്നത്.

ഡിസംബര്‍ 11നാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്‍റ് പാസാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്ബ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി.