നഗ്നവിഡിയോ പ്രചരിക്കുന്നെന്ന് പറഞ്ഞ് വിളിക്കും, അര്‍ദ്ധനഗ്ന ഫോട്ടോ വാട്സാപ്പ് ഡി.പി.യാക്കാന്‍ ആവശ്യപ്പെടും; സൈബര്‍സെല്‍ ഉദ്യോഗസ്ഥനെന്ന പേരില്‍ ഭീഷണി
കൊച്ചി: സൈബര്‍സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണ്‍ വിളിച്ച് പെണ്‍കുട്ടികളെയും മാതാപിതാക്കളെയും കെണിയില്‍ വീഴ്ത്തി വ്യാജന്മാര്‍. പൊലീസ് ഉദ്യോഗസ്ഥന്റെ പേരും റാങ്കും പറഞ്ഞാണ് ഫോണ്‍വിളികളെത്തുന്നത്. വിഷയത്തില്‍ ഒരു മാസത്തിനിടെ കൊച്ചി സിറ്റി സൈബര്‍സെല്ലില്‍ രണ്ട് പരാതികളെത്തി.
പെണ്‍കുട്ടിയുടെ നഗ്നവീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപിക്കുന്നെന്ന് പറഞ്ഞാണ് ഇവര്‍ വിളിക്കുന്നത്. വിഡിയോ ഒത്തുനോക്കാനായി പകുതിഭാഗം നഗ്നയായ ഫോട്ടോ വാട്സാപ്പില്‍ ഉദ്യോഗസ്ഥനുമാത്രം കാണുന്ന രീതിയില്‍ ഡി.പി.യായി (ഡിസ്പ്ലെ പിക്ചര്‍) ഇടാനും ഒരു മിനിറ്റിനുശേഷം ഇവ മാറ്റാനും ആവശ്യപ്പെടും. ഇത് സ്ക്രീന്‍ ഷോട്ടെടുത്ത് സൂക്ഷിച്ചശേഷമാണ് തട്ടിപ്പിന്റെ അടുത്ത ഭാഗം. സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നതാണ് വ്യാജന്മാരുടെ തന്ത്രം. നാണക്കേട് ഭയന്ന് ആളുകള്‍ പുറത്തുപറയാതിരിക്കുന്നത് തട്ടിപ്പുകാര്‍ക്ക് വളമാകുന്നുണ്ട്.
കൊച്ചിയിലെ പൊലീസുദ്യോഗസ്ഥന്റെ അടുത്ത ബന്ധുവിന് നേരെ തട്ടിപ്പിന് ശ്രമമുണ്ടായപ്പോഴാണ് വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ഇത്തരം കോളുകള്‍ വന്നാല്‍ കൃത്യമായി അന്വേഷിച്ച് ശരിയാണോ എന്നുറപ്പുവരുത്തിയശേഷം മാത്രമേ പ്രതികരിക്കാവൂ എന്നും സ്വകാര്യവിവരങ്ങളോ ഫോട്ടോകളോ ഒരു കാരണവശാലും ആര്‍ക്കും കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
0 Comments