ഒരേ സമയം 12 മോഷ്ടാക്കള്‍ ബാങ്കില്‍; ക്യാഷ് കൗണ്ടറില്‍ നിന്ന് തട്ടിയെടുത്തത് 4 ലക്ഷം
തൃശൂര്‍: പട്ടാപ്പകല്‍ ബാങ്കില്‍ കയറിയ 12 മോഷ്ടാക്കള്‍ നാടകീയമായി കവര്‍ന്നത് 4 ലക്ഷം രൂപ. നാലു പേര്‍ കാവല്‍ നില്‍ക്കുകയും മറ്റ് ഏഴുപേര്‍ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമന്‍ കാഷ് കൗണ്ടറിലെ കാബിനില്‍ നിന്ന് 4 ലക്ഷം രൂപ കവര്‍ന്നത്. വൈകിട്ടു ബാങ്കിലെ പതിവ് കണക്കെടുപ്പിനിടെ 4 ലക്ഷം രൂപ കുറവുണ്ടായതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണം തിരിച്ചറിഞ്ഞത് .
സ്വരാജ് റൗണ്ട് സൗത്തിലെ എസ്ബിഐ ശാഖയില്‍ തിങ്കളാഴ്ച രാവിലെ 9നും12നും ഇടയ്ക്കായിരുന്നു കവര്‍ച്ച. 12 അംഗസംഘത്തിലെ എട്ട് പേരാണ് ബാങ്കിനുള്ളില്‍ എത്തിയത്. മറ്റുള്ളവര്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം വാതിലിന് സമീപം കാവല്‍ നിന്നു. മറ്റ് 5 പേര്‍ ബാങ്കിനുള്ളിലുള്ള അഞ്ച് കൗണ്ടറുകളിലെ ജീവനക്കാര്‍ക്കു മുന്നില്‍ ഇടപാടിനെന്ന പോലെ ഇരിപ്പുറപ്പിച്ചു. സമീപത്തെ കാഷ് കൗണ്ടറിനു മുന്നില്‍ രണ്ടു പേരും നിന്നു. ഹിന്ദിയിലും തമിഴിലുമായിരുന്നു ഇവരുടെ സംസാരമെന്ന് ജീവനക്കാര്‍ പറയുന്നു. ചില വൗച്ചറുകള്‍ ജീവനക്കാരെ കാണിച്ച ശേഷം ഇവര്‍ ഉച്ചത്തില്‍ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി.
ജീവനക്കാരുടെ ശ്രദ്ധ മുഴുവന്‍ ഇവരിലേക്കു തിരിഞ്ഞ തക്കത്തില്‍ പന്ത്രണ്ടാമന്‍ കാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റി. ഹെഡ് കാഷ്യര്‍ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കള്‍ക്കായി. ഈ തക്കത്തിന് പന്ത്രണ്ടാമന്‍ മേശവലിപ്പില്‍ നിന്നു 4 ലക്ഷം രൂപയെടുത്ത് അരയില്‍ ഒളിപ്പിച്ചു. ബാങ്കിനുള്ളിലുണ്ടായിരുന്ന 8 പേരും ഒന്നിച്ചു തന്നെ പുറത്തു പോയി. സിസിടിവിയില്‍ മോഷണ ദൃശ്യം കൃത്യമായി പതിഞ്ഞിട്ടുണ്ട്.
മോഷ്ടാക്കളില്‍ ചിലര്‍ ഹിന്ദിയിലും തമിഴിലും സംസാരിച്ചതായി വിവരമുണ്ടെങ്കിലും ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. അതേസമയം മോഷണ വിവരം ഏഴു മണിക്കൂര്‍ കഴിഞ്ഞാണ് ബാങ്ക് അധികൃതര്‍ അറിയുന്നത്. പണം കവര്‍ന്നയുടന്‍ അരയില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സമാന മാതൃകയില്‍ മറ്റെവിടെയെങ്കിലും മോഷണം നടന്നിട്ടുണ്ടോയെന്ന്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
0 Comments