സ്വകാര്യ ലാബില്‍ എച്ച്‌.ഐ.വി. പരിശോധന നടത്തണമെന്ന ബോര്‍ഡ് വിവാദമായി

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തുന്ന ഡയാലിസിസ് രോഗികള്‍ കണ്ണൂരിലെ സ്വകാര്യ ലാബില്‍പ്പോയി എച്ച്‌.ഐ.വി. പരിശോധന നടത്തണമെന്ന നിര്‍ദേശവുമായി ബോര്‍ഡ് സ്ഥാപിച്ചു. മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ലാബില്‍ ഈ ടെസ്റ്റ് ചെയ്യാമെന്നിരിക്കെയാണ് സ്വകാര്യ ലാബില്‍പ്പോയി ഈ മാസം 31-നകം പരിശോധന നടത്തണമെന്ന നിര്‍ദേശവുമായി ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനുപിന്നില്‍ കമ്മിഷന്‍പറ്റാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണെന്ന് പരാതി ഉയര്‍ന്നു.

നൂറുകണക്കിന് രോഗികളാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിലെത്തുന്നത്. അവരെല്ലാം കണ്ണൂരിലെ സ്വകാര്യ ലാബില്‍പ്പോയി പരിശോധന നടത്തണമെന്ന നിര്‍ദേശം ദുരൂഹവും അപ്രായോഗികവുമാണെന്ന് കാണിച്ച്‌ ജനകീയ ആരോഗ്യസമിതി ചെയര്‍മാന്‍ എസ്.ശിവസുബ്രഹ്മണ്യന്‍ ആരോഗ്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു. എന്നാല്‍, താനറിയാതെയാണ് ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചതെന്നും ഇത് അടിയന്തരമായി നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കുമെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു.