കണ്ടങ്കാളി സമരത്തിന് ഐക്യദാര്‍ഢ്യം: ഏകപാത്ര നാടകവുമായി ദയാബായി
പയ്യന്നൂര്‍: നാടകം സമരായുധമാക്കി സാമൂഹികപ്രവര്‍ത്തക ദയാബായി കണ്ടങ്കാളി പെട്രോളിയം പദ്ധതിവിരുദ്ധ സമരത്തിനെത്തി. പെട്രോളിയം പദ്ധതിക്കെതിരേ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 81-ാം ദിവസമാണ് സമരപ്പന്തലില്‍ ദയാബായി ഏകാംഗനാടകവുമായെത്തിയത്. ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്നതും പരിസ്ഥിതിയെ തകര്‍ക്കുന്നതുമായ കണ്ടങ്കാളി പദ്ധതിക്കെതിരായ സമരത്തിന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പിന്തുണ പ്രഖ്യാപിച്ചു. ദയാബായിയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് സമരപ്പന്തലില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
കണ്ടങ്കാളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കണ്ടങ്കാളിയിലെ കര്‍ഷകനായ എന്‍.കെ.ഭാസ്കരന്‍ വിളയിച്ച കുഞ്ഞിനെല്ലിന്റെ വിത്ത് കണ്ടങ്കാളിയിലെ കര്‍ഷകത്തൊഴിലാളിസ്ത്രീകള്‍ ദയാബായിക്ക് കൈമാറി.
കണ്ടങ്കാളി ജനകീയസമരസമിതി ചെയര്‍മാന്‍ ടി.പി.പദ്‌മനാഭന്‍ അധ്യക്ഷതവഹിച്ചു. അമ്ബലത്തറ കുഞ്ഞിക്കൃഷ്ണന്‍, അഡ്വ. ടി.വി.രാജേന്ദ്രന്‍, പി.ഷൈനി, പ്രേമചന്ദ്രന്‍ ചോമ്ബാല, പി.ജെ.ആന്റണി, അപ്പുക്കുട്ടന്‍ കാരയില്‍, അത്തായി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments