പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ റോഡില്‍ മണല്‍ തട്ടി കടത്തുസംഘം കടന്നു
പഴയങ്ങാടി: മണല്‍ക്കടത്തിനെതിരേ നടപടിയുമായി മുന്നോട്ടുപോകുന്ന പഴയങ്ങാടി എസ്.ഐ. കെ.ഷാജുവിനെയും സംഘത്തെയും അപായപ്പെടുത്താന്‍ മണല്‍ മാഫിയയുടെ നീക്കം. നേരിയ വ്യത്യാസത്തിനാണ് പോലീസ് വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. മാട്ടൂലില്‍നിന്ന് മണലുമായി വരികയായിരുന്ന ലോറി രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ. കെ.ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ടതോടെ അമിതവേഗത്തില്‍ എരിപുരം മേലെ ഗ്യാസ് ഗോഡൗണ്‍ റോഡിലേക്ക് ഓടിച്ചുപോയി. ഇവര്‍ക്ക് പിന്നാലെ പോലീസും പോയി. ഇതുകണ്ട സംഘം ഗ്യാസ് ഗോഡൗണിനുസമീപത്തെ റോഡില്‍ മണല്‍ തട്ടി. വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഡരികിലെ ഷെരീഫിന്റെ വീട്ടുമതിലിനിടിച്ച് കേടുവരുത്തിയാണ് ഇവര്‍ രക്ഷപ്പെട്ടത്. പിന്നാലെവന്ന പോലീസ് ജീപ്പ് ഭാഗ്യംകൊണ്ടാണ് മറിയാതെ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. മുമ്ബ് മണല്‍ക്കടത്തുസംഘങ്ങളെ പിന്തുടര്‍ന്ന എസ്.ഐ.യെയും സംഘത്തെയും കുഞ്ഞിമംഗലം റെയില്‍വേ സ്റ്റേഷനടുത്തുവെച്ചും മാടായി വാടിക്കലില്‍വെച്ചും ഇതേരീതിയില്‍ മണല്‍ റോഡില്‍ തട്ടി രക്ഷപ്പെട്ടിരുന്നു. അഡീഷണല്‍ എസ്.ഐ. കെ.മുരളീധരന്‍, സി.പി.ഒ. സിദ്ദീഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
0 Comments