ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ കോണ്‍ഗ്രസ് ധര്‍ണ
നാട് ഭരിക്കാന്‍ ജനങ്ങളുടെ വോട്ട് നേടി ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും രോഗികള്‍ ചികിത്സയ്ക്ക് എത്തിയാല്‍ അവര്‍ക്ക് ടെസ്റ്റുകള്‍ നടത്താന്‍ പോലും സാധിക്കുന്നില്ല. സ്‌കാന്‍ ചെയ്യേണ്ടവരോട് സി.പി.എം ഭരിക്കുന്ന സഹകരണ ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്നു. ഇല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്നു. സ്വകാര്യ-സഹകരണ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കുന്ന ഒരു കേന്ദ്രമായി ജില്ലാ ആശുപത്രിയായി മാറിയിരിക്കുന്നു. അനസ്തീഷ്യ ഡോക്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഓപ്പറേഷനുകള്‍ ഒഴിവാക്കുന്നു. ആരോഗ്യ മന്ത്രിയുടെ ജില്ലയായ ആതുര ശുശ്രൂഷ കേന്ദ്രങ്ങളിലാണ് ഇത്തരം സംഭവം എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. സര്‍ക്കാര്‍ പറയുന്നത് ധനസ്ഥിതി മോശമാണെന്നാണ്. പക്ഷെ ധൂര്‍ത്തടിക്കുന്നതിനും കൊലപാതകികളെ രക്ഷിക്കുന്നതിനും ലക്ഷങ്ങള്‍ ചെലവഴിക്കുന്നതിനും സര്‍ക്കാരിന് യാതൊരു മനസാക്ഷിയുമില്ല. ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത ഒരു സര്‍ക്കാരിനെ ജനം വലിച്ചെറിയുന്ന കാലം വിതൂരമല്ലെന്നും പാച്ചേനി പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ടി.സി താഹ അധ്യക്ഷത വഹിച്ചു. നേതാക്കളായ റഷീദ് കവ്വായി, സുരേഷ് മണ്ടേന്‍, ഗിരീഷ് നാമത്ത്, ഷിബു ഫെര്‍ണാണ്ടസ്, ബിനോജ് കെ, അഡ്വ. ലിഷ ദീപക്, ടി.പി വല്ലി, ഷീബ, ഖമറുദ്ദീന്‍, എം.പി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments