പ്രണയാര്‍ഭ്യര്‍ത്ഥന നിരസിച്ചു; പതിനൊന്ന് വയസ്സുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവഗണിച്ചതിന്റെ പേരില്‍ 13 വയസുള്ള ആണ്‍കുട്ടി 11 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 22 കാരനായ യുവാവിനെയും ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തതായി സോനാര്‍പൂര്‍ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജനുവരി 7 ന് സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി മുഖം വികൃതമാക്കിയെന്ന് പോലീസ് പറഞ്ഞു. "അവള്‍ സൈക്കിളില്‍ സ്കൂളില്‍ നിന്ന് വരികയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി റോഡില്‍ കിടക്കുന്നതായി ഞങ്ങള്‍ കണ്ടു. അപകടം സംഭവിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. സംഭവസ്ഥലത്തെത്തിയപ്പോള്‍ കുത്തേറ്റ് മുഖം വികൃതമാക്കിയ അവസ്ഥയിലാണ് കണ്ടത്." പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞയുടനെ ഒരു കൂട്ടം ആളുകള്‍ പ്രതിയുടെ വീട് കൊള്ളയടിക്കുകയും പോലീസ് നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് റോഡ് തടയുകയും ചെയ്തു. പ്രതിയായ ആണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്താണ് താമസിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ആണ്‍കുട്ടി കുറച്ചുകാലമായി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. ''കുറച്ച് കാലങ്ങളായി ആണ്‍കുട്ടി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ സാധിച്ചില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.'' പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


0 Comments