ട്രക്കിംഗ് സംഘത്തിനു നേരേ ഒറ്റക്കൊമ്ബന്റെ ആക്രമണം; കാട്ടില്‍ യുവതിക്ക് ദാരുണാന്ത്യം

കോയമ്ബത്തൂര്‍: തമിഴ്നാട്ടില്‍ ട്രക്കിം​ഗ് സംഘത്തിന് നേരെ ഇടഞ്ഞ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. ​ഗണപതി മാ ​ന​ഗര്‍ സ്വദേശിയായ നാല്‍പതുകാരി പി ഭുവനേശ്വരിയാണ് ഒറ്റക്കൊമ്ബന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോയമ്ബത്തൂരിലെ പാലമല റിസേര്‍വ് ഫോറസ്റ്റില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

ഭര്‍ത്താവും സുഹൃത്തുക്കളുമടങ്ങിയ എഴ​ഗസംഘത്തിനൊപ്പം പാലമലയില്‍ ട്രക്കിം​ഗിനെത്തിയതായിരുന്നു ഭുവനേശ്വരി. അവധി ദിവസങ്ങളില്‍ ഭുവനേശ്വരിയും ബിസിനസ്സുകാരനായ ഭര്‍ത്താവ് എ പ്രശാന്തും സുഹൃതേതുക്കള്‍ക്കൊപ്പം ട്രക്കിം​​ഗിന് പോകുന്നത് പതിവാണ്. അപകടം നടന്ന ദിവസം രാവിലെ ആറുമണിക്കാണ് ഭുവനേശ്വരിയും സംഘവും പാലമലയില്‍ എത്തുന്നത്.
രണ്ടു കാറുകളിലായാണ് സംഘം പുറപ്പെട്ടത്.

റോഡറികില്‍ കാര്‍ നിര്‍ത്തിയ സംഘം നാല് കിലോമീറ്ററോളം കാടിനുള്ളിലേക്ക് നടന്ന് പാലമല അരങ്കനാഥര്‍ ക്ഷേത്രത്തിലെത്തി. അവിടുന്ന് രാവിലെ എഴരയോടെ സംഘം കുഞ്ചുര്‍പതി-മാങ്കുഴി റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് വഴിയില്‍ ഒറ്റകൊമ്ബനെ കാണുന്നത്. ഭുവനേശ്വരിയെയും സുഹൃത്തുക്കളെയും കണ്ട ആന, സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനയുടെ വരവ് കണ്ട് പേടിച്ച സംഘം
അവിടെനിന്നും ചിതറി ഓടി.

ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി ഭുവനേശ്വരി അടുത്തുള്ളൊരു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. എന്നാല്‍, ഇതിനിടെ ഭുവനേശ്വരിയെ ആന ആക്രമിക്കുകയായിരുന്നു. ഭുവനേശ്വരി സംഭവസ്ഥത്തുവച്ചുതന്നെ മരിച്ചിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട സംഘത്തിലുള്ള മറ്റുള്ളവര്‍ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.