പഴശ്ശി നിറഞ്ഞുകവിഞ്ഞു; അധികജലം വളപട്ടണം പുഴയിലേക്ക് തുറന്നുവിട്ടു
ഇരിട്ടി: പഴശ്ശി പദ്ധതി പരാജയമാണെന്ന് പറയുന്നവരുടെ മുന്നിലേക്ക് തെളിനീരിന്റെ നേര്‍ക്കാഴ്ചയുമായി ഒരു മാസത്തിനിടയില്‍ രണ്ടാംതവണയും പഴശ്ശി നിറഞ്ഞുകവിഞ്ഞു. പദ്ധതിപ്രദേശവും കവിഞ്ഞ് അധികജലം ജനവാസമേഖലയിലേക്ക് കയറുമെന്ന ഘട്ടത്തിലെത്തിയതോടെ വളപട്ടണം പുഴയിലേക്ക് തുറന്നുവിട്ടു. ജലസേചന പദ്ധതിയില്‍നിന്ന് കുടിവെള്ളപദ്ധതിയിലേക്ക് മാറ്റിയ പഴശ്ശി പദ്ധതിയിലെ ഇപ്പോഴത്തെ കാഴ്ച പ്രതീക്ഷനല്‍കുന്നതാണ്. വേണ്ടരീതിയില്‍ സംരക്ഷിച്ചാല്‍ ജില്ലയെ ഹരിതാഭമാക്കാനുള്ള ശേഷി ഇനിയുമുണ്ടെന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണിത്.
മൂന്നുമാസംമുമ്ബാണ് പദ്ധതിയുടെ ഷട്ടര്‍ അടച്ച് കുടിവെള്ളവിതരണത്തിനായി വെള്ളം സംഭരിച്ചത്. 26.52 മീറ്റര്‍ സംഭരണശേഷിയുള്ള പദ്ധതി ഒരുമാസത്തിനുള്ളില്‍ത്തന്നെ നിറഞ്ഞു. വെള്ളംനിറഞ്ഞ് ഇരിട്ടി പാലത്തിന്റെ നിര്‍മാണം ഉള്‍പ്പെടെ പ്രതിസന്ധിയിലായതോടെ തുറന്നുവിട്ടു. സംഭരിച്ച വെള്ളം ഒരാഴ്ചകൊണ്ട് പകുതിയോളമായി കുറച്ചു. തുലാവര്‍ഷം കുറഞ്ഞതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.
വീണ്ടും ഷട്ടറടച്ച് വെള്ളം സംഭരിച്ചു. അധികൃതരുടെ ആശങ്കയകറ്റി മൂന്നാഴ്ച തികയുംമുമ്ബ് പദ്ധതി പ്രദേശം നിറഞ്ഞുകവിഞ്ഞതോടെയാണ് വീണ്ടും വളപട്ടണം പുഴയിലേക്ക് അധികജലം ഒഴുക്കിവിടേണ്ടിവന്നത്.
ജില്ലയിലെ 80 ശതമാനത്തോളം പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയില്‍നിന്നാണ്. ജപ്പാന്‍ കുടിവെള്ളപദ്ധതിയടക്കം പഴശ്ശിയില്‍ പത്തോളം കുടിവെള്ളപദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്.
കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിനായി ജലസേചനപദ്ധതിയായി ആരംഭിച്ച പഴശ്ശി ഇക്കാര്യത്തില്‍ പരാജയമാണെന്ന് വരുത്തിത്തീര്‍ത്താണ് കുടിവെള്ളപദ്ധതിയിലേക്ക് ചുവടുമാറ്റിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ സ്ഥാപിച്ച കനാലുകളും ഇതിനോടനുബന്ധിച്ച പ്രദേശങ്ങളും അന്യാധീനപ്പെട്ടും കാടുകയറിയും നശിക്കുകയാണ്. അധികമായി ഒഴുകിയെത്തുന്ന വെള്ളംമാത്രമാണ് തുറന്നുവിടുന്നതെന്നും 26.52 മീറ്റര്‍ സംഭരണശേഷിയില്‍ നിലനിര്‍ത്തുമെന്നും പഴശ്ശി ജലസേചനവിഭാഗം അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.


0 Comments