തലശ്ശേരി: ഒളിമ്ബ്യനടക്കം ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ താരങ്ങളെ സംഭാവനചെയ്ത തലശ്ശേരി സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യില്‍നിന്ന് അത്‌ലറ്റിക്സ് ഒഴിവാക്കി. ധര്‍മടത്ത് സായ്‌തന്നെ പണിയുന്ന അത്യാധുനിക സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലെത്തിനില്‍ക്കുമ്ബോഴാണ് ഈ നീക്കം. ജനുവരി ആദ്യവാരമാണ് വോളിബോള്‍, ജിംനാസ്റ്റിക്സ്, ഗുസ്തി, ഫെന്‍സിങ് ഇനങ്ങള്‍മാത്രം നിലനിര്‍ത്തി ഡല്‍ഹിയിലെ ആസ്ഥാനത്തുനിന്ന് ഉത്തരവെത്തിയത്. 13 മുതല്‍ 20 വയസ്സുവരെയുള്ള 17 അത്‌ലറ്റിക്സ് താരങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ഇക്കൂട്ടത്തില്‍, ദേശീയ സ്കൂള്‍ മീറ്റില്‍ ഹര്‍ഡില്‍സില്‍ വെള്ളിമെഡല്‍ നേടിയ ഡെല്‍ന ഫിലിപ്പ് ഉള്‍പ്പെടെ നാലുപേര്‍ ദേശീയമെഡല്‍ ജേതാക്കളാണ്. അടുത്ത ബാച്ചിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ രണ്ടുമാസത്തിനകം നടക്കും. ഈ അധ്യയനവര്‍ഷത്തിനുശേഷം ഇപ്പോള്‍ ഇവിടെയുള്ള താരങ്ങളുടെ സ്ഥിതിയെന്താകുമെന്ന് വ്യക്തമല്ല.

ലണ്ടന്‍ ഒളിമ്ബിക്സില്‍ പങ്കെടുത്ത മയൂഖ ജോണി, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ ജേതാവ് വി.നീന തുടങ്ങിയ താരങ്ങള്‍ തലശ്ശേരി സായിയുടെ പരിശീലനക്കളരിയിലൂടെയാണ് മിന്നുംതാരങ്ങളായത്. നഗരസഭാ സ്റ്റേഡിയം അടച്ചിട്ടതോടെ കണ്ണൂരിലെയും കോഴിക്കോട്ടെയും മൈതാനങ്ങളിലാണ് പരിശീലനം നടത്തിയിരുന്നത്. പുതിയ സിന്തറ്റിക് സ്റ്റേഡിയത്തിലേക്ക് മാറാമെന്ന ആഹ്ലാദത്തില്‍ കരിനിഴല്‍വീഴ്ത്തിയാണ് ഈ ഉത്തരവെത്തിയത്. 2001-ലാണ് തലശ്ശേരിയില്‍ അത്‌ലറ്റിക്സ് തുടങ്ങിയത്. ഇതേവര്‍ഷം തുടങ്ങിയ ബാസ്കറ്റ്‌ബോള്‍ പരിശീലനം കഴിഞ്ഞവര്‍ഷം നിര്‍ത്തിയിരുന്നു.

ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തും

സായ്‌തന്നെ കോടികള്‍ ചെലവഴിച്ച്‌ ധര്‍മടത്ത് സ്റ്റേഡിയം നിര്‍മിക്കുന്ന സാഹചര്യത്തില്‍ അത്‌ലറ്റിക്സ് ഇവിടെനിന്ന് മാറ്റാനുള്ള തീരുമാനം അനുചിതമാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഇക്കാര്യം സായിയുടെ ഉന്നതോദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തും. അത്‌ലറ്റിക്സ് ഇവിടെത്തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തും.