കാറ്റ് മാറിവീശിയില്ല, ചരിത്രം തിരുത്തപ്പെട്ടില്ല, കലാകിരീടം പയ്യന്നൂരിനുതന്നെ

19-ാം വർഷവും കണ്ണൂർ സർവകലാശാലാ കലോത്സവ കിരീടത്തിൽ മുത്തമിട്ട് പയ്യന്നൂരിന്റെ കുതിപ്പ്. തുടർച്ചയായി ഒൻപതാം തവണയാണ്‌ കിരീടം പയ്യന്നൂർ കോളേജിന്റെ അലമാരയിലെത്തുന്നത്. കലോത്സവത്തിന്റെ ആദ്യദിനം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് ആതിഥേയരായ പയ്യന്നൂർ കിരീടം നേടിയത്.

സ്റ്റേജിതരമത്സരങ്ങളിൽ നേടിയ ആധിപത്യം പയ്യന്നൂർ കോളേജ് കലോത്സവത്തിലുടനീളം നിലനിർത്തി. 123 പോയിന്റാണ് പയ്യന്നൂർ നേടിയത്. 95 പോയിന്റുമായി ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി രണ്ടാമതും 62 പോയിന്റുമായി ഗവ. കോളേജ് കാസർകോട് മൂന്നാമതും 58 പോയിന്റുമായി നെഹ്രു കോളേജ് കാഞ്ഞങ്ങാട് നാലാമതുമെത്തി.

സാഹിത്യോത്സവത്തിൽ മാത്രമാണ് പയ്യന്നൂർ പിന്നിലായത്. 91 പോയിന്റുമായി ഗവ. ബ്രണ്ണൻ കോളേജാണ്‌ ഇതിൽ ഒന്നാമത്‌. 90 പോയിന്റാണ് പയ്യന്നൂർ കോളേജിന്. 52 പോയിന്റ് നേടി തളിപ്പറമ്പ് സർസയ്യിദ് കോളേജ് മൂന്നാംസ്ഥാനം നേടി.

സംഗീതോത്സവത്തിൽ 62 പോയിന്റ് നേടിയ പയ്യന്നൂർ കോളേജിനാണ് ഒന്നാംസ്ഥാനം. 44 പോയിന്റോടെ കാഞ്ഞങ്ങാട് നെഹ്രു കോളേജ് രണ്ടാംസ്ഥാനവും 36 പോയിന്റോടെ മട്ടന്നൂർ പഴശ്ശിരാജാ എൻ.എസ്.എസ്. കോളേജ് മൂന്നാംസ്ഥാനവും നേടി.

സംഘാടനമികവുകൊണ്ട് ശ്രദ്ധേയമായ കലോത്സവമാണ് സമാപിച്ചത്. മത്സരയിനങ്ങളുടെ സമയക്രമത്തിൽവന്ന പിഴവുമാത്രമാണ് അപാകമായത്. പ്രതിഷേധത്തിന്റെയും സാമൂഹിക വിമർശനത്തിന്റെയും വേദിയാണ് കലോത്സവമെന്നത് ഒരിക്കൽക്കൂടി പയ്യന്നൂർ കോളേജ് ഊട്ടിയുറപ്പിച്ചു. സമകാലീന രാഷ്ട്രീയം വേദിക്കകത്തും പുറത്തും ഒരുപോലെ ചർച്ചചെയ്താണ് കലോത്സവത്തിന് തിരശ്ശീല വീണത്.

സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സിനിമാതാരം സണ്ണി വെയ്ൻ മുഖ്യാതിഥിയായിരുന്നു. സർവകലാശാലാ വിദ്യാർഥി യൂണിയൻ ചെയർപേഴ്‌സൺ ടി.കെ.ശിശിര അധ്യക്ഷത വഹിച്ചു. ടി.വി.രാജേഷ് എം.എൽ.എ. സമ്മാനദാനം നിർവഹിച്ചു. സിനിമാതാരം സുബീഷ് സുധി സുവനീർ പ്രകാശനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി ടി.കെ.വിഷ്ണുരാജ് ഏറ്റുവാങ്ങി. ആതിര ലക്ഷ്മണൻ, സിൻഡിക്കേറ്റംഗം ഡോ. ജോൺ ജോസഫ്, പയ്യന്നൂർ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് കെ.രാമചന്ദ്രൻ, പ്രിൻസിപ്പൽ ഡോ. പി.സി.ശ്രീനിവാസ്, സംഘാടകസമിതി വൈസ് ചെയർമാൻമാരായ എം.വിജിൻ, എ.പി.അൻവീർ, സംഘാടകസമിതി ജോ. കൺവീനർ സി.പി.ഷിജു, എ.നിഷാദ്, സംഘാടകസമിതി കൺവീനർ ഷിബിൻ കാനായി തുടങ്ങിയവർ സംസാരിച്ചു.

സമാപനവേദിയിൽ വികാരഭരിതനായി സണ്ണി വെയ്ൻ

കണ്ണൂർ സർവകലാശാലാ കലോത്സവത്തിന്റ സമാപനസമ്മേളന വേദിയിൽ വികാരഭരിതനായി സണ്ണി വെയ്ൻ. കോളേജ് ബസ്സുമായി കലോത്സവങ്ങൾക്കുപോയ കാലവും കലോത്സവ ഓർമകളും പങ്കുവെയ്ക്കുന്നതിനിടെയാണ് താരം വികാരാധീനനായത്. എല്ലാവരും കലയിലൂടെ ബന്ധപ്പെട്ടിരിക്കുന്നതായും സ്നേഹം മാത്രമാണ് കലയിലുള്ളതെന്നും സണ്ണി വെയ്ൻ പറഞ്ഞു.

അനശ്വര സാഹിത്യപ്രതിഭ

അനശ്വര

:കണ്ണൂർ സർവകലാശാലാ കലോത്സവത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജിലെ എ.അനശ്വരയ്ക്ക് സാഹിത്യപ്രതിഭാപട്ടം. 22 പോയിന്റ് നേടിയാണ് അനശ്വര സാഹിത്യപ്രതിഭയായത്. സിനിമാനിരൂപണം (ഹിന്ദി), തിരക്കഥാരചന, കഥാചിത്രം (ഹിന്ദി) എന്നിവയിൽ ഒന്നാം സ്ഥാനവും കവിതാരചന (ഹിന്ദി) യിൽ രണ്ടാംസ്ഥാനവും അനശ്വരയ്ക്കാണ്.

ആകാശ് ചിത്രപ്രതിഭ

ആകാശ്
: വരകളിൽ വിസ്മയം തീർത്ത കണ്ണൂർ എസ്.എൻ. കോളേജിലെ പി.ആകാശ് ചിത്രപ്രതിഭയായി. കാരിക്കേച്ചറിലും പെൻസിൽ ഡ്രോയിങ്ങിലും ഒന്നാംസ്ഥാനവും ജലച്ചായത്തിൽ മൂന്നാം സ്ഥാനവും നേടി 20 പോയിന്റോടെയാണ് ആകാശ് പ്രതിഭാപട്ടത്തിന് അർഹനായത്.

സനലും വിഷ്ണുവും ദൃശ്യ,നാടകപ്രതിഭകൾ

സനൽ പാടിക്കാനം
വിഷ്ണു പവിത്രൻ

: ദൃശ്യ, നാടകപ്രതിഭകളായി സനൽ പാടിക്കാനം, പി.എസ്.വിഷ്ണു പവിത്രൻ എന്നിവരെ തിരഞ്ഞെടുത്തു. നീലേശ്വരം പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ രണ്ടാംവർഷ എം.എ. മലയാളം വിദ്യാർഥിയായ സനൽ മിമിക്രിയിൽ ഒന്നാംസ്ഥാനവും മോണോആക്ടിൽ മൂന്നാംസ്ഥാനവും നേടി. കഴിഞ്ഞവർഷവും സനൽ ദൃശ്യനാടക പ്രതിഭയായിരുന്നു. കണ്ണൂർ എസ്.എൻ. കോളേജ് വിദ്യാർഥിയായ വിഷ്ണു പവിത്രൻ ചാക്യാർകൂത്തിൽ ഒന്നാംസ്ഥാനവും മോണോ ആക്ടിൽ മൂന്നാംസ്ഥാനവും നേടി.

അനുപമ നൃത്തപ്രതിഭ

അനുപമ

: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ പി.അനുപമ നൃത്തപ്രതിഭയായി. ഭരതനാട്യത്തിൽ ഒന്നും കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ രണ്ടും നാടോടിനൃത്തത്തിൽ മൂന്നുംസ്ഥാനം നേടി.