അദാലത്തും കുടുംബ സംഗമവും 17 ന്


ഇരിട്ടി: വിവിധ ഭവന നിർമ്മാണ പദ്ധതികളെ ഏകോപിപ്പിച്ച് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി ഘട്ടങ്ങളിലായി  പൂർത്തികരിച്ച വീടുകളുടെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും വെള്ളിയാഴ്ച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. റോസമ്മയും ഭരണസമിതി അംഗങ്ങളും  പത്രസമ്മേളനത്തിൽ അറിയിച്ചു . രണ്ടു ഘട്ടങ്ങളിലായി പൂർത്തിയാക്കിയത് 782 വീടുകൾ. 38 വീടുകൾ പൂർത്തീകരണ പാതയിലുമാണ്. ഐ എ വൈ, ഇ എം  എസ് ഭവന നിർമ്മാണ പദ്ധതി, പട്ടിക ജാതി- പട്ടിക വർഗ്ഗ വകുപ്പുകൾ, ടി ആർ  ഡി എം, പി എം എ വൈ പദ്ധതിപ്രകാരമാണ് 782 വീടുകൾ നിർമ്മിച്ചത് . ഒന്നാം ഘട്ടത്തിൽ പാതിവഴിൽ നിർമ്മാണം നിലച്ച വീടുകൾ ഉൾപ്പെടെ 452 വീടുകളാണ് പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ  സർവ്വെ നടത്തി ഭൂമിയുളളതും എന്നാൽ ഭവന രഹിതരുമായ കുടുംബങ്ങളെ കണ്ടെത്തിയാണ് വീടുകൾ നിർമ്മിച്ചു നൽകിയത്. ലൈഫ് മിഷൻ പദ്ധതി പ്രകാരം 287 കുടുംബങ്ങൾക്കും പി.എം. എ.വൈ പദ്ധതി പ്രകാരം 81 കുടുംബങ്ങൾക്കുമായി 368 കുടുംബങ്ങൾക്കാണ് സഹായം അനുവദിച്ചത്. ഇതിൽ 330 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. അവശേഷിക്കുന്ന 38 വീടുകളുടെ പൂർത്തീകരണവും ഉടൻ നടക്കും.
വീട് ലഭിച്ചവർക്ക് ജീവനോപാധികളും കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് അദാലത്ത് നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെള്ളിയാഴ്ച്ച രാവിലെ 11ന് നടക്കുന്ന കുടുംബ സംഗമവും അദാലത്തും സണ്ണിജോസഫ് എം എൽ എയുടെ അധ്യക്ഷതയിൽ തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.18 ഓളം വകുപ്പുകളിൽ നിന്നുള്ള ജീവനക്കാരാണ് അദാലത്തിൽ പങ്കെടുക്കുക. സംഗമത്തിൽ വെച്ച് പ്രളയകാലത്ത് സന്നദ്ധ പ്രവർത്തനങ്ങൾക്കും ശുചീകരണത്തിനും നേതൃത്വം നൽകിയവരേയും തൊഴിലുറപ്പ് പദ്ധതി പ്രകാരം 200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികളേയും ആദരിക്കും.
 പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഭവന പദ്ധതി പ്രകാരം വീട് ലഭിച്ച എല്ലാ കുടുംബങ്ങൾക്കും തുണിസഞ്ചിയും വിതരണം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി റോസമ്മ, അംഗങ്ങളായ ബെന്നി ഫിലിപ്പ്,വി.കെ കാർത്ത്യായനി,കെ.വി മോഹനൻ, സി.കെ രാഘവൻ , ബ്ലോക്ക് സെക്രട്ടറി കെ.എ സുനിൽകുമാർ, ജി.ഇ.ഒ പി.ദിവാകരൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.