ജീവിതത്തിലെ ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്: വിജി തമ്പി
ഇരിട്ടി: കുറേ പുസ്തകങ്ങൾ വായിച്ചു പഠിക്കുന്നത് മാത്രമല്ല വിദ്യ. നമ്മുടെ ജീവിതത്തിലെ ഓരോ ചുവടുകളും ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണെന്നും ആപാഠങ്ങളാണ് ഓരോ വ്യക്തിയുടെയും മുന്നോട്ടുള്ള യാത്രക്ക് കരുത്തു നൽകുന്നതെന്നും പ്രശസ്ത സംവിധായകൻ വിജി തമ്പി പറഞ്ഞു. പ്രഗതി സർഗ്ഗോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെയെല്ലാം ഉള്ളിൽ ഒരു കലാകാരനും കലാകാരിയും ഒളിഞ്ഞിരിപ്പുണ്ട് . ഇവ ഉള്ളിൽ നിന്നും പുറന്തോട് പൊട്ടിച്ചു പുറത്ത് വരുമ്പോഴാണ് യഥാർത്ഥ കല ജനിക്കുന്നതെന്നും ഇതിന് ഗുരുക്കന്മാരുടെ കാരുണ്യം ഉണ്ടാകണമെന്നും എന്നിലെ കലാകാരനെ കണ്ടെത്തിയത് എന്നെ സ്‌കൂളിൽ പഠിപ്പിച്ച ഒരു അദ്ധ്യാപകനായിരുന്നെന്നും വിജി തമ്പി പറഞ്ഞു.
വള്ളിയാട് വയലിലെ അശ്വിനികുമാർ നഗറിൽ നടന്ന പരിപാടിയിൽ പയ്യാവൂർ മാധവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രഗതി പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി , കെ. മനോജ് കുമാർ, പി. ദിൽജിത്ത് എന്നിവർ പ്രസംഗിച്ചു. രാവിലെ സർഗ്ഗോത്സവത്തോടനുബന്ധിച്ച് വിദ്യാനികേതനിലെ വിദ്യാർത്ഥിനീ വിദ്യാർത്ഥികൾ അണിനിരന്ന വിളംബര ഘോഷയാത്രയും നടന്നു. പയഞ്ചേരിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി നേരമ്പോക്ക് വഴി വള്ളിയാട് വയലിൽ സമാപിച്ചു. സർഗ്ഗോത്സവത്തിന്റെ സമാപന ദിനമായ വെള്ളിയാഴ്ച രാവിലെ 10 .30 ന് നടക്കുന്ന പൊതു പരിപാടി പ്രശസ്ത സിനിമാ താരം പത്മശ്രീ ജയറാം ഉദ്ഘാടനം ചെയ്യും. സംവിധായകൻ വിജേഷ് മണി , താളുകണ്ടത്തിൽ ജ്വല്ലറി ഉടമ കെ.എം. സ്കറിയാച്ചൻ എന്നിവർ വിശിഷ്ട സാന്നിദ്ധ്യമായിരിക്കും. തുടർന്ന് 1 .30 ന് സിനിമാ - സീരിയൽ താരങ്ങൾ അണിനിരക്കുന്ന കോമഡി ഉത്സവ രാവ് അരങ്ങേറും.
0 Comments