പൗരത്വ നിയമ ഭേദഗതി നിയമം മനുഷ്യത്വ പരമായ നിയമം: എ.പി. അബ്ദുള്ളക്കുട്ടി
ഇരിട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം മനുഷ്യത്വത്തിന്റെ നിയമ മാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി ജെ പി പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ ദേദഗതി നിയമം രാഷ്ട്ര സുരക്ഷയ്ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇരിട്ടിയില്‍ നടത്തിയ റാലിയും രാഷ്ട്ര രക്ഷാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സും കമ്യൂണിസ്റ്റുകളും ചേർന്ന് പാവപ്പെട്ട മുസ്‌ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന സമരങ്ങളിലൂടെ സി പി എമ്മും കോണ്‍ഗ്രസും ചില ത്രീവ്ര മുസ്ലിം സംഘടനകളും ദേശീയ മുസ്ലിംങ്ങളെ ദേശവിരുദ്ധ ശക്തികളാക്കി മാറ്റുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥനാണെന്നിരിക്കെ ഇത് കേരളത്തില്‍ നിടപ്പിലാക്കില്ലെന്ന് പിണറായി വിജയന്‍ പറയുന്നത് മുസ്ലിംങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്. ഇതിന് ഇവര്‍ വൈകാതേ മുസ്ലിംങ്ങളോട് മറുപടി പറയേണ്ടിവരും. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കേരളത്തില്‍ മുന്‍മ്പ് നടന്ന സ്വാശ്രയ നിയമത്തിനെതിരെയുള്ള സമരം പോലെ കെട്ടടങ്ങും. രാജ്യത്തെ മുസ്ലിംങ്ങളുടെ ദയനീയ സ്ഥിതി മനസിലാക്കിയ ഒരേഒരു പ്രധാനമന്ത്രി യാണ് നരേന്ദ്ര മോദി . വിദ്യാഭ്യാസത്തിലൂടേയും ആത്മിയതയിലൂടെയും ഈ സ്ഥിതിക്ക് മാറ്റം വരുത്തണമെന്നാണ് പ്രധാനമന്ത്രി മദ്രസകളിലും മറ്റുമുള്ള ചടങ്ങുകളില്‍ എപ്പോഴും പറയാറ്. ഇവിടെ ജനിച്ചു വളര്‍ന്ന എല്ലാ മുസല്‍മാനും ഇവിടെ തന്നെ ജീവിച്ച് മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. കേസരി വാരികമുഖ്യ പ്രത്രാധിപര്‍ ഡോ. എന്‍. ആര്‍ മധു മുഖ്യപ്രഭാഷണം നടത്തി. ബി ജെ പി സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രന്‍, ആര്‍ എസ് എസ് വിഭാഗ് കാര്യകാരി സദസ്യൻ സജീവന്‍ ആറളം മറ്റു നേതാക്കളായ സത്യന്‍ കൊമ്മേരി, കൂട്ട ജയപ്രകാശ്, എം. വേണുഗോപാല്‍, മനോഹരന്‍ വയോറ, കെ. ഹരിഹരന്‍ , പി.എം രവീന്ദ്രന്‍, സി.രൂപേഷ് എന്നിവര്‍ പ്രസംഗിച്ചു. കിഴൂരില്‍ നിന്നും ആരംഭിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. ഇരിട്ടി സി ഐ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നഗരത്തില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു .സി ഐ ടി യു ഇരിട്ടി ഏറിയ കമ്മിറ്റി അംഗവും എഴുത്തുകാരനുമായ സജീവൻ കീഴ്പ്പള്ളിയെ ബിജെ പി യിലേക്ക് സ്വീകരിച്ചു കൊണ്ടായിരുന്നു അബ്ദുള്ളകുട്ടി തന്റെ പ്രസംഗം ആരംഭിച്ചത്. പൗരത്വ നിയമത്തെക്കുറിച്ച് സജീവൻ എഴുതിയ കവിത അദ്ദേഹം സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു.
0 Comments