പരിഷ്കാരങ്ങൾ നടപ്പായില്ല. കേളകം ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം
ഗതാഗത പരിഷ്‌കരണം നടപ്പിലാക്കാൻ ആളില്ലാതായതോടെ കേളകം ടൗണിൽ ഗതാഗത കുരുക്ക് നിത്യസംഭവമായി. ടൗണിലെ റോഡുകളിൽ ഇരുവശങ്ങളിലുമായി നിരവധി സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും നിർത്തിയിടുന്നതുമൂലം രൂക്ഷമായ ഗതാഗത കുരുക്കിനാണ് കേളകം ടൗൺ സാക്ഷ്യം വഹിക്കുന്നത്. ഗതാഗത പരിഷ്‌കരണം നടപ്പിലാക്കേണ്ട അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുന്ന കാഴ്ചയാണ് കാണുന്നത്. കേളകം - അടയ്ക്കാത്തോട് റോഡ്, പൂവ്വത്തിൻചോല റോഡ് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. രാവിലെ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങൾ തിരികെ കൊണ്ടു പോകുന്നത് വൈകുന്നേരം മാത്രമാണ്. ഇത്തരത്തിൽ അലക്ഷ്യമായി നിർത്തിയിടുന്ന വാഹനങ്ങളാണ് കൂടുതൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നത്. കൂടാതെ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ കയറ്റി ഇറക്കുന്നതും ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ഗതാഗത പരിഷ്‌കരണവുമായി വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തും പോലീസും ഇറങ്ങിയെങ്കിലും വാക്കുകളിലൊതുങ്ങിയതോടെ പരിഷ്‌കരണം എന്ന പദ്ധതി നടപ്പിലായില്ല. മട്ടന്നൂർ വിമാനത്താവളം തുറന്നതോടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന ടൗൺ കൂടിയാണ് കേളകം ടൗൺ. എന്നാൽ അധികാരികൾ വേണ്ടത്ര പരിഗണന നൽകാത്തതാണ് ഗതാഗത പരിഷ്‌കരണ പദ്ധതികൾ നടപ്പിലാക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
0 Comments