തട്ടിപ്പുകാര്‍ ജാഗ്രതൈ! യുഎഇ കോടതി വിധികള്‍ ഇനി ഇന്ത്യയിലും നടപ്പാക്കും
ന്യൂഡല്‍ഹി: യുഎഇയിലെ സിവില്‍ കോടതി വിധികള്‍ ഇനിമുതല്‍ ഇന്ത്യയിലും നടപ്പാക്കും. ഇതു സംബന്ധിച്ച് കേന്ദ്രനിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരി പതിനെട്ടിനാണു കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
സാന്പത്തിക കുറ്റകൃത്യ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാല്‍ യുഎഇയിലെ കോടതി വിധി ഇന്ത്യയില്‍ നടപ്പാക്കുമെന്നാണു വിജ്ഞാപനത്തില്‍ പറയുന്നത്. യുഎഇ കോടതികളുടെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായി പരിഗണിച്ചായിരിക്കും വിധി നടപ്പാക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ്, ലോണ്‍, കുടുംബ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും വിധി ബാധകമാവും.
യുഎഇ ഫെഡറല്‍ സുപ്രീംകോടതി, അബുദാബി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, ഫസ്റ്റ് ഇന്‍സ്റ്റന്‍സ്, അപ്പീല്‍ കോടതികള്‍, അബുദാബി നീതിന്യായ വകുപ്പ്, ദുബായ് കോടതി, റാസല്‍ഖൈമ നീതിന്യായ വകുപ്പ്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, ദുബായ് രാജ്യാന്തര സാന്പത്തികകാര്യ കോടതി എന്നിവയുടെ വിധിയാണ് ഇന്ത്യയിലെ കോടതികള്‍ വഴി നടപ്പാകുക.
ഗള്‍ഫില്‍നിന്നു സാന്പത്തിക തട്ടിപ്പുകള്‍ നടത്തി നാട്ടിലേക്കു മുങ്ങുന്നവര്‍ക്കെതിരേ, മുന്‍പ് ഇവിടുത്തെ കോടതികളില്‍ ഹര്‍ജി നല്കി വിചാരണ നടത്തേണ്ടിയിരുന്നു. പുതിയ വിജ്ഞാപനത്തോടെ യുഎഇ കോടതികളുടെ വിധി നടപ്പാക്കാനായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഇന്ത്യയിലെ കോടതികളെ സമീപിക്കാനാവും.
0 Comments