വില്ലേജോഫീസറുടെ അനാസ്ഥ കാരണം വയനാട് മാനന്തവാടിയിലെ മൂന്ന് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ബിരുദ പരീക്ഷ എഴുതാനാനുള്ള അവസരം നഷ്ടമായെന്ന് പരാതി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയാണ് നഷ്ടമാകുന്നത്. വില്ലേജോഫീസില്‍ നിന്നും കൃത്യസമയത്ത് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് സമാന്തരകോളേജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രശ്നമായത്.

മാനന്തവാടിയിലെ സമാന്തരകോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിഎ സോഷ്യോളജി കോഴ്സിന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ഇത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 22 ന് കുട്ടികള്‍ക്ക് യൂണിേവഴ്സിറ്റിയില്‍ നിന്നും കത്ത് ലഭിച്ചിരുന്നു. തുടര്‍ന്ന് വില്ലേജോഫീസില്‍ പോയി. റേഷന്‍ കാര്‍ഡ്, ആധാര്‍, എസ്എസ്എല്‍സി ബുക്ക് എന്നീ രേഖകള്‍ ഉണ്ടായിട്ടും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് പരാതി. പലതവണ വില്ലേജോഫീസില്‍ പോയിട്ടും ജനനസര്‍ട്ടിഫിക്കറ്റില്ലെന്ന കാരണം പറഞ്ഞ് തിരിച്ചയച്ചെന്ന് കുട്ടികള്‍ പറയുന്നു. ഒടുവില്‍ തഹസില്‍ദാര്‍ ഇപെട്ടാണ് ഈ മാസം 22 ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ പരീക്ഷാ ഫീസും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ട അവസാനതിയതി ‍കഴിഞ്ഞ മാസം കഴിഞ്ഞിരുന്നു. സമര്‍പ്പിക്കാന്‍ വൈകിയതില്‍ അടുത്ത മാസം അഞ്ചാം തിയതി നടക്കുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാനാവില്ല. ഫൈനോടുകൂടി പരീക്ഷാ ഫീസ് അടച്ചാല്‍ അടുത്ത സെമസ്റ്ററില്‍ പരീക്ഷ എഴുതാം.വില്ലേജോഫീസര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.