അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നത് അവസാനിപ്പിക്കണം; ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇ ഹെല്‍ത്ത് പദ്ധതിയിലൂടെ പല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്ന് കുറിപ്പടികള്‍ ഡിജിറ്റല്‍ ആക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്‍കുമെന്നും കെ കെ ശൈലജ പറഞ്ഞു.

ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടിയിലെ അവ്യക്തത കാരണം രോഗികള്‍ വലയുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ്' വാര്‍ത്തയെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. മരുന്ന് കുറിപ്പടികള്‍ വ്യക്തമായി എഴുതണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം വന്നിട്ട് ആറ് വര്‍ഷമായി. എന്നാല്‍ ഇപ്പോഴും ഡോക്ടര്‍മാര്‍ ഇത് പാലിക്കുന്നില്ല. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കുറിപ്പടികള്‍ മനസ്സിലാകാത്തതിനാല്‍ മരുന്നിനായി അലയേണ്ട ഗതികേടില്‍ രോഗികള്‍.