കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഇരിട്ടി മേഖലാ സമ്മേളനം നാളെ
കേളകം: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഇരിട്ടി മേഖലാ സമ്മേളനം നാളെ കേളകത്ത് സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടക്കും. ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കേളകത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കെ എൽ 78 സോൺ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗമാണ് നാളെ കേളകത്ത് നടക്കുന്നത്. യോഗത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് പ്രകടനം നടക്കും. തുടർന്നു നടക്കുന്ന ജനറൽബോഡി യോഗത്തിൽ കേളകം എസ്ഐ കൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. പരിപാടിയിൽ സംസ്ഥാന, ജില്ലാ, സോൺ നേതാക്കൾ സംബന്ധിക്കും. വാട്സപ്പ് കൂട്ടായ്മയിൽ ആരംഭിച്ച ഈ സംഘടന കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും ശക്തമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. യാത്രയ്ക്കിടയിൽ ടാക്സി ഡ്രൈവർമാർക്ക് സംഭവിക്കാവുന്ന ബ്രേക്ക് ഡൗൺ, ആക്സിഡന്റ് എന്നീ അത്യാവശ്യ ഘട്ടങ്ങളിൽ 15 മിനിറ്റിനുള്ളിൽ തന്നെ അവർക്കുവേണ്ട സഹായസഹകരണങ്ങൾ എത്തിക്കാൻ സംഘടനയ്ക്ക് കഴിയുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ഡീസൽ വില വർധനവും ടാക്സ് വർദ്ധനവും മൂലം ഈ മേഖല തന്നെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കൂടാതെ വാടകക്കെടുത്ത് നിയമവിരുദ്ധമായി ടാക്സിയായി ഓടുന്ന കാറുകളും അനധികൃത കള്ള ടാക്സികളും ടാക്സി ജീവനക്കാരുടെ ഉപജീവന മാർഗ്ഗംമുട്ടിക്കുന്ന അവസ്ഥയിലാണെന്നും ഭാരവാഹികൾ പറഞ്ഞു. മനോജ് പാമ്പാടി, നോബിൾ സെബാസ്റ്റ്യൻ, സണ്ണി നീറ്റ്കുന്നേൽ, നിതീഷ് കൊട്ടിയൂർ, ബിജു ഡിവൈൻ, ജോയി അടക്കാത്തോട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments