യുവാവിനെ കാറിൽ കടത്തികൊണ്ട് പോയി മർദിച്ചു; സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ
പത്തനാപുരത്ത് യുവാവിനെ പട്ടാപ്പകൽ കാറിൽ കടത്തികൊണ്ട് പോയി മർദിച്ച സംഭവത്തിൽ സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ. അടൂർ പെരിങ്ങനാട് നന്ദനത്തിൽ ഗോകുൽ, സഹോദരൻ ഗൗതം, നെല്ലിമുകൾ സ്വദേശി ശ്രീജു എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.
പട്ടാഴി മാലൂർ സ്വദേശിയായ അരുണിനെ ഗോകുലിന്റെ നേത്യത്ത്വത്തിലുളള സംഘം കാറിൽ കടത്തി കൊണ്ട് പോവുകയായിരുന്നു. സംഭവമറിഞ്ഞ അരുണിന്റെ ബന്ധുക്കൾ പത്തനാപുരം പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ പോലീസ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്റ്റേഷനുകളിൽ വാഹന പരിശോധനയ്ക്ക് നിർദ്ധേശം നൽകുകയായിരുന്നു.
അരുണിന്റെ കൈവശമുളള മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അടൂരിൽ നിന്നും വാഹനമടക്കം ശനിയാഴ്ച അർദ്ധരാത്രിയോടെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളുടെ സഹപാഠിയായ പെൺകുട്ടിക്ക് സിനിമയിൽ അവസരം നൽകാമെന്ന പേരിൽ വാട്സ് ആപ്പിലൂടെ അരുൺ അശ്ലീലം പറഞ്ഞതിലുളള വിദ്വേഷമാണ് തട്ടികൊണ്ട് പോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
0 Comments