പുതുവര്‍ഷത്തില്‍ 12 പദ്ധതികള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി



തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ 12 പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പുതുവര്‍ഷ ആശംസ നേര്‍ന്നുകൊണ്ടാണ് ഇക്കൊല്ലം നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പന്ത്രണ്ട് പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
  1. സംസ്ഥാനത്ത് ജീവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഈ വര്‍ഷംതന്നെ റേഷന്‍ കാര്‍ഡ് നല്‍കും. എവിടെ താമസിക്കുന്നു എന്നതല്ല, ഇവിടെ ജീവിക്കുന്നു എന്നത് കണക്കിലെടുത്താണ് കാര്‍ഡ് നല്‍കുന്നത്. വീടില്ലാത്തവര്‍ക്കും വീട്ടുനമ്ബരില്ലാത്തവര്‍ക്കും കാര്‍ഡ് ലഭിക്കും
  2. പുനര്‍നിര്‍മിതിയുടെ ഭാഗമായി 37 കോടി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും.
  3. തെരുവുവിളക്കുകള്‍ മുഴുവന്‍ എല്‍.ഇ.ഡി. ആക്കും.
  4. മേയ് ആവുമ്ബോഴേക്ക് സംസ്ഥാനത്തെ മിക്കവാറും റോഡുകള്‍ പുനര്‍നിര്‍മിക്കും. ബാക്കി ഡിസംബറോടെ.
  5. യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് എല്ലാ പ്രധാന പട്ടണങ്ങളിലും വൃത്തിയുള്ളതും സുരക്ഷിതവുമായ പാര്‍പ്പിടസൗകര്യം
  6. സംസ്ഥാനത്തുടനീളം പൊതുശൗചാലയങ്ങള്‍ നിര്‍മിക്കും. 3000 ആളുകള്‍ക്ക് ഒരു ശൗചാലയം എന്ന നിലയില്‍ 12,000 എണ്ണമെങ്കിലും പണിയും.
  7. യുവജനങ്ങള്‍ക്ക് നേതൃശേഷി വളര്‍ത്താന്‍ യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി.
  8. വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്‌ടൈം ജോലിചെയ്തു പഠിക്കാന്‍ അവസരം.
  9. തദ്ദേശസ്ഥാപനങ്ങള്‍ മുഖേന തൊഴിലവസരം ലഭ്യമാക്കാനുള്ള പദ്ധതി.
  10. പരാതിപരിഹാരത്തിന് കളക്ടറുടെ നേതൃത്വത്തില്‍ താലൂക്കുതല അദാലത്തുകള്‍.
  11. വ്യത്യസ്ത സൗകര്യങ്ങളുള്ള വഴിയോര വിശ്രമ കോംപ്ലക്സുകള്‍ നടപ്പാക്കും.
  12. സി.ഐ.എസ്.എഫ്. മാതൃകയില്‍ വ്യവസായസ്ഥാപനങ്ങളുടെ സംരക്ഷണത്തിനു രൂപവത്കരിച്ച സംസ്ഥാന സേനാവിഭാഗത്തിന്റെ സേവനം വിപുലീകരിക്കും.