പത്തു ശതമാനം സാമ്പത്തികസംവരണം; പൊതുവിഭാഗത്തിന്‍റെ നിയമനം 40 ശതമാനമായി കുറയും



തിരുവനന്തപുരം: മുന്നാക്കക്കാരില്‍ സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണംനല്‍കുന്നത് പൊതുവിഭാഗത്തില്‍നിന്ന്. ഇതോടെ പൊതുവിഭാഗത്തില്‍ സംവരണത്തിന് അര്‍ഹരല്ലാത്തവരുടെ നിയമനം 40 ശതമാനമായി കുറയും.
40 ശതമാനം ഒ.ബി.സി., എട്ടുശതമാനം പട്ടികജാതി, രണ്ടുശതമാനം പട്ടികവര്‍ഗം എന്നിങ്ങനെയാണ് നിലവിലെ സംവരണം. പകുതിയിലേറെ നിയമനം സംവരണത്തിനായി പരിഗണിക്കരുതെന്ന വ്യവസ്ഥയുള്ളതിനാലാണ് സാമ്ബത്തികസംവരണം പൊതുവിഭാഗത്തിലുള്‍പ്പെടുത്തി ക്രമീകരിക്കുന്നത്.
സാമ്ബത്തികസംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചെങ്കിലും ഇനി പ്രത്യേക വകുപ്പുകളില്‍നിന്ന് ഉത്തരവിറങ്ങണം. ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ്, ആസൂത്രണ -സാമ്ബത്തികകാര്യ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസവകുപ്പ്, പൊതുഭരണ (ഏകോപന) വകുപ്പ് എന്നിവയില്‍നിന്നാണ് ഉത്തരവിറങ്ങേണ്ടത്. പല ശുപാര്‍ശകളും നടപ്പാക്കണമെങ്കില്‍ റവന്യൂവകുപ്പിന്റെകൂടി അനുമതി വേണം. അതിനാല്‍, റവന്യൂവകുപ്പുമായുള്ള കൂടിയാലോചനയ്ക്കുശേഷമേ ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പില്‍നിന്ന് ഉത്തരവിറക്കാനാകൂ.
സാമ്ബത്തികസംവരണത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കേണ്ടത് ഉപാധികളോടെയാകണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. അപേക്ഷകന്‍ നല്‍കുന്ന രേഖയാണ് നിയമനത്തിന് ആധാരമാക്കുന്നത്. പിന്നീടുള്ള പരിശോധനയില്‍ ഈ രേഖ വ്യാജമാണെന്നോ തെറ്റായവിവരം ഉള്‍ക്കൊള്ളുന്നതാണെന്നോ ബോധ്യപ്പെട്ടാല്‍ ജോലിയില്‍നിന്ന് ഒഴിവാക്കുകയും ക്രിമിനല്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന ഉപാധി അംഗീകരിച്ചാവണം നിയമനം നല്‍കേണ്ടതെന്നാണ് വ്യവസ്ഥ.
കുടുംബത്തിന്റെ വരുമാനമാണ് സംവരണത്തിനു കണക്കാക്കുന്നത്. അന്ത്യോദയ, അന്നയോജന റേഷന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ മുന്‍ഗണനാ വിഭാഗക്കാര്‍ക്കും മറ്റുരേഖകള്‍ പരിഗണിക്കാതെ സംവരണത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകന്‍ ഇത്തരം കാര്‍ഡിലുള്‍പ്പെട്ടയാളാണെന്ന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
അപേക്ഷ നല്‍കുന്നതിനു മുമ്ബുള്ള സാമ്ബത്തികവര്‍ഷത്തെ സാമ്ബത്തികസ്ഥിതിയാണ് സംവരണത്തിന് അടിസ്ഥാനമാക്കുക. വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് വില്ലേജ് ഓഫീസറാണ്. തഹസില്‍ദാര്‍ അപ്പീല്‍ അതോറിറ്റിയും ആര്‍.ഡി.ഒ. പുനഃപരിശോധാ അധികാരിയുമാണ്.
സംവരണം എവിടെ
* സര്‍ക്കാര്‍ സര്‍വീസുകളില്‍
* സര്‍ക്കാരിനു ഭൂരിഭാഗം ഓഹരിപങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍
* ന്യൂനപക്ഷ വിഭാഗത്തിന്റേതൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
* ന്യൂനപക്ഷ വിഭാഗത്തിന്റേതൊഴികെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
ആരാണ് സംവരണത്തിന് അര്‍ഹര്‍
* കുടുംബ വാര്‍ഷികവരുമാനം നാലുലക്ഷം രൂപയില്‍ കവിയാത്തവര്‍
* പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പ്പറേഷനില്‍ 50 സെന്റിലധികവും ഭൂമിയില്ലാത്തവര്‍
* വീടുള്‍പ്പെടുന്ന ഭൂമി മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്റും കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 സെന്റും അധികരിക്കാത്തവര്‍
പരിഗണിക്കാത്ത വരുമാനം
* നഗരസഭയിലോ കോര്‍പ്പറേഷനിലോ സംവരണാനുകൂല്യത്തിന് അര്‍ഹമായ പരിധിയില്‍ മാത്രം വീടും ഭൂമിയും ഉള്ളവരുടെ വീട്ടുപറമ്ബില്‍നിന്നുള്ള കാര്‍ഷിക വാരുമാനം
* സാമൂഹിക സുരക്ഷാ പെന്‍ഷന്‍
* കുടുംബ പെന്‍ഷന്‍
* തൊഴിലില്ലായ്മ വേതനം
* ഉത്സവബത്ത
* യാത്രാ ബത്ത
* വിരമിക്കല്‍ ആനുകൂല്യം
എന്താണ് കുടുംബം
* അപേക്ഷകനും അപേക്ഷകന്റെ അച്ഛനും അമ്മയും
* പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങള്‍
* അപേക്ഷകന്റെ ജീവിതപങ്കാളി
* പ്രായപൂര്‍ത്തിയാവാത്ത മക്കള്‍