ഇരിട്ടിയിലെ അനധികൃത പാർക്കിംഗ് കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു


നഗരത്തില്‍ പാര്‍ക്കിങ് നിരോധിതമേഖലയില്‍ വാഹനംവെച്ചുപോകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നേരത്തേ നടപടിയുണ്ടായിരുന്നെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. ഇത് അനധികൃത പാര്‍ക്കിങ് കൂടാന്‍ കാരണമായി.

നഗരത്തിനുപുറത്ത് ജോലിചെയ്യുന്നവരാണ് കൂടുതലായും തോന്നുംപടി വാഹനം പാര്‍ക്കുചെയ്ത് പോകുന്നത്. അതിരാവിലെ വെക്കുന്ന വാഹനം രാത്രി വൈകിയാണ് എടുക്കുന്നത്. ഇത്തരം വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കുന്ന സംവിധാനമുണ്ടായിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല.

ഇപ്പോൾ തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിൽ ഫുട്പാത്തിന്റെ പണി നടന്നുകൊണ്ടിരിക്കുവാണ്. അതിനോട് ചേർന്ന് ആളുകൾ വാഹനങ്ങൾ പാർക്ക്‌ ചെയ്യുമ്പോൾ കാൽനട യാത്രക്കാർ റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. ദിവസംതോറും തിരക്ക് കൂടി വരുന്ന ഇരിട്ടി ടൗണിൽ ആളുകൾ റോഡിൽ ഇറങ്ങി നടക്കേണ്ടി വന്നാൽ അത് അപകടങ്ങൾ വിളിച്ചു വരുത്തും.