കർഷക പ്രശ്നങ്ങളിൽ സത്വരമായി നടപടിയെടുക്കും: മുഖ്യമന്ത്രി
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരമലബാർ കർഷകരുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ച തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, ഉത്തരമലബാർ കര്ഷകപ്രക്ഷോഭസമിതി കൺവീനർ ഫാ മാത്യു ആശാരിപ്പറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിലൂടെ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ തികച്ചും ന്യായവും കർഷകതാല്പര്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്നവയുമാണെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങളിൽ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ രാജു , വി സ് സുനിൽകുമാർ എന്നിവരുമായി ചർച്ച നടത്തി. വിവിധ വിഷയങ്ങളെക്കുറിച്ചും വിശദമായി ചർച്ച നടത്തി ചർച്ചകളിലൂടെ കർഷകർ ഉന്നയിച്ച ആവശ്യങ്ങളും നടപ്പാക്കാൻ സർക്കാർ സന്നദ്ധത അറിയിച്ചു.
കൃഷിഭൂമിയിൽ നാശം വിതക്കുന്ന കാട്ടുപന്നിയെ കൊല്ലാനുള്ള അവകാശം കർഷകർക്ക് നൽകാനുള്ള തീരുമാനം സർക്കാർ നടപ്പിലാക്കും. സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി വനം മന്ത്രി അറിയിച്ചു. വന്യമൃഗങ്ങളുടെ പേരിൽ കർഷകരെ ദ്രോഹിക്കുന്ന നടപടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. വന്യമൃഗങ്ങൾ , പാമ്പ് , കടന്നൽ എന്നിവയുടെ അക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് രണ്ടുലക്ഷം രൂപവരെ ചികിത്സാസഹായം ലഭ്യമാക്കാനും തീരുമാനമായി.
0 Comments