തൊഴിലാളി മരിച്ച സംഭവം: മാവുംചാല്‍ ക്വാറി പൂട്ടാന്‍ ഉത്തരവ്
ആലക്കോട്: ജോലിക്കിടെ കരിങ്കല്‍ ക്വാറി തൊഴിലാളി മരിച്ച സംഭവത്തില്‍ ക്വാറി പൂട്ടാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടു. വെള്ളാട് വില്ലേജിലെ മാവുംചാല്‍ സാജ് ക്വാറിയാണ് പൂട്ടുന്നത്. ഇവിടെ തൊഴിലാളിയായിരുന്ന ബധിരനും മൂകനുമായ പൂവഞ്ചാലിലെ തടവനാല്‍ ബെന്നി (49) ജനുവരി ആറിന് മരിച്ചിരുന്നു. അപകടകരമായ രീതിയിലുള്ള ക്വാറി പ്രവര്‍ത്തനമാണ് ദുരന്തകാരണമെന്ന് സബ് കളക്ടര്‍ എസ്.ഇലക്യ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അപകടകരമായാണ് ക്വാറി പ്രവര്‍ത്തനം നടക്കുന്നതെന്ന് ആലക്കോട് പോലീസ് സി.ഐ. കെ.ജെ.വിനോയിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മാവുംചാല്‍, മഞ്ഞുമല, പാത്തന്‍പാറ കരിങ്കല്‍ ക്വാറികള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹം ബുധനാഴ്ച 125 ദിവസം പിന്നിട്ടു. കരിങ്കല്‍ ക്വാറികള്‍ സുരക്ഷാനടപടികളൊന്നുമില്ലാതെ അപകടകരമായനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമരസമിതി നേരത്തെ നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. മുഴുവന്‍ ക്വാറികളും പൂട്ടുന്നതുവരെ സത്യാഗ്രഹം തുടരുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
0 Comments