സഭാകേസ് റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതിയില്‍; ആകാംക്ഷയോടെ ഇരുവിഭാഗവും
ന്യൂഡല്‍ഹി: മലങ്കര സഭാതര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ ലിസ്റ്റ് ചെയ്ത കേസ് തിങ്കളാഴ്ച പരിഗണിക്കുമ്ബോള്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ ആകാംക്ഷയില്‍.
വിവിധ കോടതികളില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസുകളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതി പരിശോധിക്കുക. ഇരുനൂറോളം കേസുകളുടെ കാര്യത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് എന്തു തീരുമാനമെടുക്കുമെന്നാണ് ഇരുവിഭാഗവും ഉറ്റുനോക്കുന്നത്.
ഇടവകാംഗങ്ങളുടെ മൃതദേഹം പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കുന്നത് അവകാശമാക്കി സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ച് പുറത്തിറങ്ങിയിട്ടില്ലാത്തതിനാല്‍ അതിനെ ചോദ്യംചെയ്യുന്ന കേസുകളില്ല. എന്നാല്‍, തിങ്കളാഴ്ച കേസ് പരിഗണിക്കുമ്ബോള്‍ ഓര്‍ഡിനന്‍സിനെക്കുറിച്ച് അഭിഭാഷകര്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ സുപ്രീംകോടതി നടത്തുന്ന പരാമര്‍ശം നിര്‍ണായകമാകും.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് മുമ്ബ് റദ്ദാക്കിയത് ജസ്റ്റിസ് അരുണ്‍ മിശ്രയുടെതന്നെ ബെഞ്ചാണ്. മലങ്കര സഭയ്ക്കുകീഴിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഇനിയൊരു കേസും പാടില്ലെന്നും തങ്ങളുടെ വിധി പാലിക്കാന്‍ എല്ലാ കോടതികള്‍ക്കും ബാധ്യതയുണ്ടെന്നും സെപ്റ്റംബര്‍ ആറിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉള്‍പ്പെടെ കേരളത്തിലെ ഒരു കോടതിയും സുപ്രീംകോടതിയുടെ വിധി ലംഘിക്കുന്ന ഉത്തരവുകളിറക്കരുതെന്നും അങ്ങനെയുണ്ടായാല്‍ വളരെ ഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് മിശ്ര മുന്നറിയിപ്പുനല്‍കി. തുടര്‍ന്ന്, വിവിധ കോടതികളിലെ കേസുകളുടെ കണക്ക് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിക്കുകയായിരുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്ന ഇരുനൂറോളം കേസുകളില്‍ സുപ്രീംകോടതി എന്തു തീരുമാനമെടുക്കുമെന്നാണ് അറിയാനുള്ളത്. ആ കേസുകളെല്ലാം സുപ്രീംകോടതിയില്‍ തീര്‍പ്പാക്കുക, നിശ്ചിത സമയത്തിനകം തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട കോടതികള്‍ക്ക് നിര്‍ദേശം നല്‍കുക, 2017 ജൂലായ് മൂന്നിന്റെ പ്രധാന വിധിക്കനുസരിച്ച് തീര്‍പ്പാക്കാന്‍ ആവശ്യപ്പെടുക തുടങ്ങിയ സാധ്യതകളാണുള്ളത്. സഭാതര്‍ക്കത്തിലെ സമാനമായ കേസുകളെല്ലാം 2017 ജൂലായ് മൂന്നിന്റെ വിധിക്കനുസരിച്ച് തീര്‍പ്പാക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിവിധ ഉത്തരവുകളില്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, എറണാകുളം കണ്ടനാട് പള്ളിയില്‍ യാക്കോബായ വിഭാഗത്തിനും പ്രാര്‍ഥനനടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതിയുത്തരവ് സെപ്റ്റംബര്‍ ആറിന് റദ്ദാക്കിക്കൊണ്ട് രൂക്ഷവിമര്‍ശനമാണ് ജഡ്ജിക്കെതിരേ ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയത്.
0 Comments