സംസ്ഥാന മാസ്റ്റേഴ്സ് കായികമേള: കണ്ണൂരിന് കിരീടം
കണ്ണൂര്‍: സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയില്‍ കണ്ണൂര്‍ ഓവറോള്‍ ചാമ്ബ്യന്മാരായി. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട കിരീടമാണ് വലിയ പോയിന്റ് വ്യത്യാസത്തില്‍ തിരിച്ചുപിടിച്ചത്. മുന്‍വര്‍ഷത്തെ ജേതാക്കളായ എറണാകുളം രണ്ടാം സ്ഥാനം നേടി.
കണ്ണൂരിന് 81 സ്വര്‍ണം ഉള്‍പ്പെടെ 667 പോയിന്റ് ലഭിച്ചു. എറണാകുളം 46 സ്വര്‍ണം ഉള്‍പ്പെടെ 370 പോയിന്റ് നേടി. 29 സ്വര്‍ണം ഉള്‍പ്പെടെ 237 പോയിന്റ് നേടി തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തെത്തി.
പുരുഷ-വനിതാ വിഭാഗങ്ങളിലും കണ്ണൂരാണ് ജേതാക്കള്‍. പുരുഷവിഭാഗത്തില്‍ 385, വനിതാവിഭാഗത്തില്‍ 282 എന്നിങ്ങനെ കണ്ണൂര്‍ പോയിന്റ് നേടിയപ്പോള്‍ ഇരുവിഭാഗത്തിലും എറണാകുളംതന്നെയാണ് രണ്ടാം സ്ഥാനത്ത്. പുരുഷവിഭാഗത്തില്‍ 209, വനിതാവിഭാഗത്തില്‍ 161 എന്നിങ്ങനെ പോയിന്റ് അവര്‍ നേടി.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും 35 മുതല്‍ 91 വയസ്സുവരെയുള്ള 818 പേരാണ് 280 ഇനങ്ങളില്‍ മത്സരിച്ചത്. ജേതാക്കള്‍ ഫെബ്രുവരി ഏഴുമുതല്‍ 11 വരെ ഹരിയാനയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.
സമാപനപരിപാടി അഡ്വ. കെ.വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. കെ.എ.പി. അസി. കമാന്‍ഡന്റ് എ.ശ്രീനിവാസന്‍ സമ്മാനങ്ങളും ട്രോഫികളും വിതരണംചെയ്തു. കെ.ശങ്കരപ്പിള്ള അധ്യക്ഷതവഹിച്ചു. രാജന്‍ ജോസഫ്, അഡ്വ. പി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
91-ലും കളംനിറഞ്ഞ് ലോക ചാമ്ബ്യന്‍ ജോണ്‍
കായികരംഗത്ത് 90 കഴിഞ്ഞിട്ടും മത്സരവീര്യം കുറയില്ലെന്ന് തെളിയിച്ച് 91-കാരനായ പി.എസ്.ജോണ്‍. ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്ബ്യനായ ജോണ്‍ ഇക്കുറിയും സംസ്ഥാന ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുത്ത് 100 മീറ്റര്‍, 200 മീറ്റര്‍, ലോങ്ജമ്ബ് എന്നീയിനങ്ങളില്‍ സ്വര്‍ണംനേടി. 100 മീറ്റില്‍ 21.5 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയ്തപ്പോള്‍ 200 മീറ്ററില്‍ ഫിനിഷ് ചെയ്യാന്‍ 54.75 സെക്കന്‍ഡ് എടുത്തു. ലോങ് ജമ്ബില്‍ 2.57 മീറ്റര്‍ ചാടിയാണ് സ്വര്‍ണംനേടിയത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോണ്‍ മുന്‍ ഹൈസ്കൂള്‍ അധ്യാപകനാണ്.
2015-ല്‍ സിഡ്നിയില്‍ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 85 പ്ലസ് വിഭാഗത്തില്‍ 80 മീറ്ററിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണംനേടി. 2010-ല്‍ കോലാലമ്ബൂരില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുതിയ മീറ്റ് റെക്കോര്‍ഡും സ്ഥാപിച്ചു. 2016-ല്‍ സിങ്കപ്പൂരില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ മികച്ച മാസ്റ്റേഴ്‌സ് കായികതാരമായും തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഫിറ്റ് ഇന്ത്യാ മൂവ്മെന്റില്‍ 80 വയസ്സ് കഴിഞ്ഞ മികച്ച കായികതാരം എന്നനിലയില്‍ ഐക്കണായി പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് ആദരവും ഏറ്റുവാങ്ങിയിരുന്നു.
അമ്മയും മകളും മറ്റുരച്ചു; അമ്മയ്ക്ക് മൂന്ന് സ്വര്‍ണം മകള്‍ക്ക് വെള്ളി
സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ധര്‍മശാലയിലെ അമ്മയും മകളും മാറ്റുരച്ചു. അമ്മ പി.ലീല 65 പ്ലസ് വിഭാഗത്തില്‍ ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളില്‍ സ്വര്‍ണംനേടി.
40 പ്ലസ് വിഭാഗത്തില്‍ പങ്കെടുത്ത മകള്‍ ശ്രീലത 400 മീറ്ററില്‍ വെള്ളി നേടി. ഇരുവരും ആദ്യമായാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ലീല കര്‍ഷകത്തൊഴിലാളിയാണ്.
0 Comments