പൂര്‍വവിദ്യാര്‍ഥികളുടെ കരുതലില്‍ അജയന് സ്നേഹവീടൊരുങ്ങുന്നു

മട്ടന്നൂര്‍: പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ സഹപാഠിക്ക് സ്നേഹവീടൊരുങ്ങുന്നു. ശിവപുരം ഹൈസ്കൂളില്‍നിന്ന് 1990-ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'ഓര്‍മച്ചെപ്പാ'ണ് സഹപാഠിക്ക് വീട് നിര്‍മിച്ചുനല്‍കി മാതൃകയാവുന്നത്. രണ്ടുവര്‍ഷം മുമ്ബാണ് പൂര്‍വവിദ്യാര്‍ഥികള്‍ ശിവപുരം ഹൈസ്കൂളില്‍ ഒത്തുചേര്‍ന്ന്‌ ഓര്‍മചെപ്പ് എന്ന പേരില്‍ കമ്മിറ്റി രൂപവത്‌കരിച്ചത്. കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വീട് നിര്‍മിച്ചുനല്‍കാനായി തില്ലങ്കേരി ഇടിക്കുണ്ടിലെ അജയനെ തിരഞ്ഞെടുത്തത്. ഭാര്യയും രണ്ട്‌ മക്കളുമായി ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച്‌ മേല്‍ക്കൂരകെട്ടിയ വീടിനുള്ളില്‍ കഴിയുകയായിരുന്നു അജയന്‍. രാമകൃഷ്ണന്‍ പഴശ്ശി ചെയര്‍മാനായും പ്രശാന്ത് കുട്ടാമ്ബള്ളി ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. നിലവിലുള്ള വീടിന് സമീപത്തായി പത്ത് സെന്റില്‍ കോണ്‍ക്രീറ്റ് വീടാണ് പണിയുന്നത്. കഴിഞ്ഞ നവംബറില്‍ പ്രവൃത്തി ആരംഭിച്ച വീടിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞദിവസമാണ് നടത്തിയത്. പത്തുലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിര്‍മിക്കുന്നതെന്നും ഇതിനായുള്ള തുക സഹപാഠികളില്‍നിന്നാണ് ശേഖരിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.

ഫെബ്രുവരി അവസാനത്തോടെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ച്‌ കുടുംബത്തിന് താക്കോല്‍ കൈമാറാനുള്ള ഒരുക്കത്തിലാണ് പൂര്‍വവിദ്യാര്‍ഥികള്‍. പൂര്‍വവിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്നേഹവീടിന്റെ കട്ടിളവെപ്പ് 19-ന് രാവിലെ നഗരസഭ വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍ നിര്‍വഹിക്കും.