5000 പേര്‍ക്ക് നേരിട്ട് ക്ഷണക്കത്ത്, മണ്ഡലത്തിലെ എല്ലാവര്‍ക്കും ക്ഷണം, പൊതുപരിപാടികളില്‍ അറിയിപ്പ്; എല്‍ദോ എബ്രഹാമിന്റെ കല്യാണം 'ഒന്നൊന്നര കല്യാണം'



എല്‍ദോ എബ്രഹാമിന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെയുളള ചിത്രം
കൊച്ചി: ബാച്ചിലര്‍ ലൈഫിനോട് വിടപറയുന്ന മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഞായറാഴ്ച വിവാഹിതനാകും. വിവാഹം ലളിതവും വേറിട്ടതുമാക്കാനുളള അവസാനവട്ട തത്രപ്പാടിലാണ് എല്‍ദോ എബ്രഹാം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം തപാലില്‍ ക്ഷണക്കത്ത് അയച്ചും വിവാഹ സല്‍ക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും മാത്രം വിളമ്പി ലളിതമാക്കിയും വേറിട്ട മാതൃകയാണ് എല്‍ദോ എബ്രഹാം പിന്തുടരുന്നത്.

ജനുവരി 12ന് നടക്കുന്ന വിവാഹത്തിന് 5000 പേരെയാണ് എല്‍ദോ എബ്രഹാം ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്ത് തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കുളള നന്ദിസൂചകമായി ഇവര്‍ക്ക് തപാലിലാണ് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്. 1993 മുതല്‍ തനിക്ക് ലഭിച്ച ക്ഷണക്കത്തുകളുടെ അടിസ്ഥാനത്തിലാണ് വിവാഹത്തിന് ക്ഷണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്ന് എല്‍ദോ എബ്രഹാം പറയുന്നു. ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ കാലഘട്ടത്തിലൂടെ കടന്നുപോയ വേളയില്‍ തന്നെ ഓര്‍ത്തവരെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് വ്യത്യസ്തമായ ക്ഷണമെന്നും അദ്ദേഹം പറയുന്നു.

'1993 ഫെബ്രുവരി ഏഴിനായിരുന്നു തന്റെ മൂത്ത സഹോദരിയുടെ കല്യാണം. ഒരു ഗ്രാം സ്വര്‍ണം പോലും വാങ്ങാന്‍ കഴിയാത്തത്ര കഷ്ടതകള്‍ നിറഞ്ഞ കാലമായിരുന്നു അന്ന്. തന്റെ അമ്മായി രണ്ടു പശുക്കളെ വിറ്റ് കിട്ടിയ പണം കൊണ്ട് വാങ്ങിയ 12 ഗ്രാം സ്വര്‍ണം നല്‍കിയത് ഇപ്പോഴും മറക്കാന്‍ സാധിക്കില്ല. അവര്‍ക്ക് കൊടുക്കാന്‍ എന്റെ അച്ഛന്റെ കയ്യില്‍ അന്ന് ഒന്നും ഉണ്ടായിരുന്നില്ല.' - ആ കാലഘട്ടത്തെ കുറിച്ച് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് എല്‍ദോ എബ്രഹാം.