മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക്. വിമാനക്കമ്പനികളായ എയര്‍ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സും ഇപ്പോള്‍ സ്പൈസ്ജെറ്റും കുനാൽ കമ്രയ്ക്ക് വിലക്കേർപ്പെടുത്തി രംഗത്തെത്തി.
യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വിമാനകമ്പനികളുടെ വിശദീകരണം. ചൊവ്വാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മുംബൈ-ലഖ്‌നൗ യാത്രയ്ക്കിടെയായിരുന്നു സഹയാത്രികനായ അര്‍ണാബിനെ കമ്ര ചോദ്യം ചെയ്തത്. താങ്കള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കമ്രയുടെ ചോദ്യം. അര്‍ണബിന്റെ അവതരണ ശൈലിയെ പരിഹസിച്ച് അനുകരിച്ചായിരുന്നു ചോദ്യം.
മുംബൈ-ലഖ്‌നൗ ഇൻഡിഗോ വിമാനത്തിൽ അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന വിഡിയോ കുനാല്‍ കമ്ര ചൊവ്വാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ ദേശീയവാദിയോ’; എന്ന് തുടങ്ങിയാണ് കുനാല്‍ കമ്ര അര്‍ണബിനെ വീഡിയോയിലൂടെ ട്രോളാന്‍ ആരംഭിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ കാരണങ്ങളാല്‍ മരണപ്പെട്ട രോഹിത് വെമുലയുടെ അമ്മക്ക് വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യപറ്റ് ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പ് വായിക്കണമെന്നും വിഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്.
ഇതിന് പിന്നാലെയാണ് കുനാല്‍ കമ്രയ്ക്ക് ഇന്‍ഡിഗോ ആറു മാസത്തേക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് എയര്‍ഇന്ത്യയും അനിശ്ചിത കാലത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും രംഗത്തെത്തിയിരുന്നു.
നടപടിയിൽ പ്രതികരണവുമായി കുനാൽ കമ്ര രംഗത്തെത്തി. 'നന്ദിയുണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ആറുമാസത്തേക്ക് യാത്രകളൊക്കെ നിരോധിച്ചതിന് നിങ്ങളോട് കടപ്പെടപ്പെട്ടിരിക്കുന്നു. മോദിജി എയര്‍ ഇന്ത്യ ചിലപ്പോള്‍ എന്നെന്നേക്കുമായി നിരോധിക്കുമായിരിക്കുമല്ലേ'. കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.
0 Comments