ആറുവയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വർഷം കഠിനതടവ്.
പാലക്കാട്:ആറുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകന് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി 30 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി ഗവ. യു.പി. സ്കൂൾ അധ്യാപകൻ കൈപ്പുറം വട്ടപ്പറമ്പിൽ വീട്ടിൽ ശശികുമാറിനാണ് (37) അഡീഷണൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി എസ്. മുരളീകൃഷ്ണ ശിക്ഷവിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ 15 വർഷം കഠിനതടവനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവനുഭവിക്കണം .
2017 മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. മിഠായി നൽകാമെന്നുപറഞ്ഞ് ഒപ്പം കൊണ്ടുപോയശേഷം ഉപദ്രവിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
ചെർപ്പുളശ്ശേരി എസ്.ഐ. പി.എം. ലിബി രജിസ്റ്റർചെയ്ത കേസ് അന്നത്തെ ഇൻസ്പെക്ടർ എ. ദീപകുമാറാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സി.പി.ഒ. കെ.പി. ഷെറീഫ്, ശാന്തകുമാരി എന്നിവർ കേസന്വേഷണത്തിൽ പങ്കാളികളായി.
26 സാക്ഷികളുണ്ടായിരുന്ന കേസിൽ 20 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യൻ ഹാജരായി.


0 Comments