മകന്റെ വിവാഹത്തിനു മുന്നേ വഴിപാട് നടത്താനുള്ള കുടുംബത്തിന്റെ യാത്ര അന്ത്യയാത്രയായി.

തൃപ്പൂണിത്തുറ: മകൻ സൂരജിന്റെ വിവാഹ കാര്യങ്ങൾ ഏതാണ്ട് ഒത്തുവന്നതിനെ തുടർന്ന് കുടുംബക്ഷേത്രമായ ചേർത്തല വേളാർവട്ടം ക്ഷേത്രത്തിൽ ദർശനത്തിനും വഴിപാടുകൾ നടത്തുന്നതിനുമായിട്ടായിരുന്നു ഉദയംപേരൂർ മനയ്ക്കപ്പറമ്പിൽ വിശ്വനാഥനും കുടുംബവും പുലർച്ചെ കാറിൽ യാത്രയായത്. സൂരജ് ഓടിച്ചിരുന്ന സ്വന്തം കാറിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചുകയറി ദാരുണമായിട്ടായിരുന്നു നാലു പേരുടെയും മരണം.

വിശ്വനാഥനും ഭാര്യ ഗിരിജയും മകൻ സൂരജും വിശ്വനാഥന്റെ സഹോദരൻ സതീശന്റെ ഭാര്യ അജിതയും ചേർന്ന് ചൊവ്വാഴ്ച രാവിലെ 5.15-നാണ് ഉദയംപേരൂർ പത്താം മൈലിലെ വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ടത്.

വൈക്കം തോട്ടുവക്കം ജങ്ഷനടുത്ത് ചേരുംചുവടിലായിരുന്നു കാറിൽ ബസിടിച്ചതിനെ തുടർന്ന് നാലു പേരുടെയും മരണം. രണ്ടാഴ്ച മുമ്പാണ് ചങ്ങനാശ്ശേരിയിൽ സൂരജ് പെണ്ണുകണ്ടത്. പെൺ വീട്ടുകാർ കഴിഞ്ഞാഴ്ച ഇവരുടെ വീട്ടിലും എത്തിയിരുന്നു.

വിവാഹം ഏതാണ്ട് ഉറച്ച സാഹചര്യത്തിലായിരുന്നു കുടുംബാംഗങ്ങൾ കുടുംബക്ഷേത്രത്തിലേക്ക് പോയതെന്ന് വീട്ടുകാർ പറഞ്ഞു.

ജില്ലാ സഹകരണ ബാങ്ക് മുൻ ജീവനക്കാരനായ വിശ്വനാഥൻ വീടിനടുത്ത് പലചരക്ക് കട നടത്തി വരികയായിരുന്നു. ഉദയംപേരൂർ മാങ്കായിക്കവലയിൽ ഇൻസ്പിയർ എന്ന സ്ഥാപനം നടത്തിവന്ന സൂരജായിരുന്നു ഉദയംപേരൂർ ഗ്രാമത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതടക്കം കംപ്യൂട്ടറുകൾ സർവീസ് ചെയ്തിരുന്നത്.

പരീക്ഷക്കാലത്തൊക്കെ ഈ യുവാവിന്റെ സേവനം ഇല്ലാതെ സ്കൂളുകളിൽ കാര്യങ്ങൾ മുന്നോട്ടുപോകുമായിരുന്നില്ല. ഭാര്യയും ജ്യേഷ്ഠനുമുൾപ്പെടെയുള്ളവരുടെ മരണ വാർത്തയറിഞ്ഞ് സതീശന് നെഞ്ചുവേദനയുണ്ടായി. ഉടൻ ആശുപത്രിയിലാക്കി.

ഉദയംപേരൂർ ഐ.ഒ.സി.യിലെ തൊഴിലാളിയായ സതീശനും ഇവരുടെ കൂടെ പോകേണ്ടതായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ജോലിക്ക് കയറേണ്ടതിനാലാണ് ഒപ്പം പോകാതിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.

ഉദയംപേരൂർ മണകുന്നം സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡംഗമാണ് മരണമടഞ്ഞ അജിത സതീശൻ. സൗമ്യമായ പെരുമാറ്റം കൊണ്ടുതന്നെ ആരേയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു സൂരജിന്റേതെന്ന് ഉദയംപേരൂരിലെ ആർജി കമ്മ്യൂണിക്കേഷൻസ് ഉടമ കൂടിയായ പ്രശസ്ത ചിത്രകാരൻ ബിനുരാജ് കലാപീഠം പറഞ്ഞു. സ്ഥാപനത്തിലെ സിസ്റ്റം നന്നാക്കുന്ന കാര്യം കഴിഞ്ഞ ദിവസം സൂരജിനോട് പറഞ്ഞപ്പോൾ നാളെ രാവിലെ 11-ന് വന്ന് ശരിയാക്കിത്തരാം എന്നായിരുന്നു പറഞ്ഞത്.

കൃത്യമായ സർവീസായിരുന്നു. എന്നാൽ ഇനി അവൻ ഇല്ലല്ലോ എന്നോർക്കുമ്പോൾ... യാത്ര ഇഷ്ടപ്പെട്ടിരുന്ന സൂരജ് കൂട്ടുകാരുമൊത്ത് ഏതാനും മാസങ്ങൾക്കു മുമ്പാണ് ബുള്ളറ്റിൽ ഗോവയിലും മറ്റും പോയി വന്നത്.