ചാലക്കുന്നില്‍ ബസ്സും കാറും കൂട്ടിയിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



ചാല: ചാലക്കുന്നില്‍ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ചു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-നായിരുന്നു അപകടം. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വന്ന സ്വകാര്യബസ്സും കണ്ണൂരില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ചാല സ്റ്റേഷന്‍ സ്റ്റോപ്പ് ഭാഗത്തെ വളവിലായിരുന്നു അപകടം. കാറുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണംവിട്ട് റോഡരികിലെ മണ്‍തിട്ട തകര്‍ത്ത് മുന്നോട്ടുപോയി. തലനാരിഴ വ്യത്യാസത്തിനാണ് വലിയ താഴ്ചയുള്ള റെയില്‍പ്പാളത്തിലേക്ക് വീഴാതിരുന്നത്. ബസ് ഒരടികൂടി മുന്നോട്ടുനീങ്ങിയിരുന്നെങ്കില്‍ വന്‍ദുരന്തം സംഭവിക്കുമായിരുന്നു. ടൂറിസ്റ്റ് ബസ്സായതിനാല്‍ മുന്‍ഭാഗത്തെ വാതിലില്‍ക്കൂടി യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. എമര്‍ജന്‍സി വാതില്‍ തകര്‍ത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

അപകടത്തെത്തുടര്‍ന്ന് താഴെചൊവ്വ-നടാല്‍ ബൈപ്പാസ് റോഡില്‍ ഗതാഗതതടസ്സമുണ്ടായി. എടക്കാട് പോലീസെത്തിയാണ് കുരുക്കഴിച്ചത്. നിസ്സാരമായി പരിക്കേറ്റ കാറിലെ യാത്രക്കാര്‍ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടി. ബസ്സില്‍ 14പേരാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.

അപകടങ്ങള്‍ പതിവായ ചാലക്കുന്ന്

ചാല: ചാലക്കുന്നില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. റോഡിന്റെ വളവും കയറ്റവുമാണ് അപകടങ്ങള്‍ക്ക് കാരണം. ചാലക്കുന്നിലെ റോഡിന്റെ ഇരുഭാഗത്തുമുള്ള സ്ഥലം റെയില്‍വേയുടേതാണ്. താഴെചൊവ്വ-നടാല്‍ ബൈപ്പാസ് റോഡ് നിര്‍മിക്കുമ്ബോള്‍ വളവൊഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സ്ഥലം കൊടുക്കാന്‍ റെയില്‍വേ തയ്യാറാകാത്തതിനാലാണ് വളവ് നിവര്‍ത്താനും കയറ്റം കുറയ്ക്കാനും കഴിയാതിരുന്നത്. ചരക്കുലോറിയുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ ഇതിലൂടെ പോകുന്നുണ്ട്.

അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് വളവില്‍ പലപ്പോഴും നിയന്ത്രണം നഷ്ടമാകുന്നു. പലതവണ റെയില്‍പ്പാളത്തിലേക്ക് വാഹനങ്ങള്‍ നീങ്ങിയിട്ടുണ്ട്. അഞ്ചുവര്‍ഷംമുന്‍പ് ടാങ്കര്‍ ലോറി കൂപ്പുകുത്തി റെയില്‍പ്പാളത്തിന് സമീപംവരെ എത്തിയിരുന്നു. രണ്ടുവര്‍ഷംമുന്‍പ് ഗായകന്‍ കണ്ണൂര്‍ സലീം വാഹനാപകടത്തില്‍ മരിച്ചത് ഇതേ സ്ഥലത്തുവെച്ചാണ്. റോഡിന്റെ അരികില്‍ സുരക്ഷാഭിത്തിയില്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

ചാലക്കുന്നിലെ കയറ്റം കയറാന്‍ കഴിയാതെ ചരക്കുലോറികള്‍ നിന്നുപോകുന്നതും പതിവാണ്. ഇത് ഗതാഗതതടസ്സത്തിനിടയാക്കാറുണ്ട്. പുതിയ നാലുവരിപ്പാത കടന്നുപോകുന്നത് ഇതിലൂടെയാണ്. റെയില്‍വേയുടെ സ്ഥലം വിട്ടുകൊടുത്താല്‍മാത്രമേ വളവും കയറ്റവും ഇല്ലാതാക്കാന്‍ കഴിയൂ.