കേന്ദ്രത്തിന് നേട്ടം, ലക്ഷം കോടി കടന്ന് വീണ്ടും ജി.എസ്.ടി സമാഹരണം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ആശ്വാസം പകര്‍ന്ന്, ജി.എസ്.ടി സമാഹരണം വീണ്ടും ഒരുലക്ഷം കോടി രൂപ കടന്നു. ഡിസംബറില്‍ നേടിയത് 1.03 ലക്ഷം കോടി രൂപയാണ്. നവംബറിലും 1.03 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. നടപ്പു സാമ്ബത്തിക വര്‍ഷം (2019-20) സമാഹരണം ജൂലായിലും മേയിലും ഒരുലക്ഷം കോടി കവിഞ്ഞിരുന്നു. 1.02 ലക്ഷം കോടി രൂപയാണ് ജൂലായില്‍ സമാഹരിച്ചത്. മേയില്‍ ഒരുലക്ഷം കോടി രൂപയും. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ലഭിച്ചത് 94,726 കോടി രൂപയാണ്.
ആഭ്യന്തര ഉപഭോഗവും സാമ്ബത്തിക ഇടപാടുകളും മെച്ചപ്പെടുന്നു എന്നതിന്റെ സൂചനയായാണ് ജി.എസ്.ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി രൂപ കടന്നതിനെ കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. കഴിഞ്ഞമാസത്തെ വരുമാനത്തില്‍ 19,962 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും (സി.ജി.എസ്.ടി) 26,792 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും (എസ്.ജി.എസ്.ടി) 48,099 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ് (ഐ.ജി.എസ്.ടി). സെസ് ഇനത്തില്‍ 8,331 കോടി രൂപയും ലഭിച്ചു. 81.21 ലക്ഷം ജി.എസ്.ടി.ആര്‍ - 3ബി റിട്ടേണുകളും കഴിഞ്ഞമാസം സമര്‍പ്പിക്കപ്പെട്ടു.
₹1.10 ലക്ഷം കോടി
നടപ്പു സാമ്ബത്തിക വര്‍ഷം (2019-20) അവശേഷിക്കുന്ന മാസങ്ങളില്‍ (ജനുവരി-മാര്‍ച്ച്) ശരാശരി 1.10 ലക്ഷം കോടി രൂപ ജി.എസ്.ടിയായി സമാഹരിക്കുകയാണ് കേന്ദ്ര ലക്ഷ്യം. ഇതിനായി പരിശ്രമിക്കണമെന്ന് നികുതി വകുപ്പിനോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.


0 Comments