റോഡ് നിര്‍മാണ പ്രവൃത്തി ഇഴയുന്നു, മട്ടന്നൂര്‍-മണ്ണൂര്‍ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു
മട്ടന്നൂര്‍: റോഡ് നിര്‍മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മട്ടന്നൂര്‍ - മണ്ണൂര്‍ റോഡ് ഉപരോധിച്ചു. പൊടിശല്യം രൂക്ഷമായതോടെയാണ് ഇന്നു രാവിലെ ഒന്‍പത് മുതല്‍ ഉപരോധം നടത്തിയത്. കോടികള്‍ ചെലവിട്ട് മട്ടന്നൂര്‍ -മരുതായി-മണ്ണൂര്‍ റോഡ് നവീകരണം ഒരു വര്‍ഷം മുമ്ബ് ആരംഭിച്ചിരുന്നുവെങ്കിലും പ്രവൃത്തി പാതിവഴിയില്‍ കിടക്കുകയാണ്. റോഡ് മിക്കയിടങ്ങളിലും മെക്കാഡം ടാറിംഗ് ചെയ്യാന്‍ പൊളിച്ചിട്ടതിനാല്‍ പൊടിശല്യവും കരിങ്കല്‍ ചീളുകള്‍ തെറിക്കുന്നതും പതിവാണ്. മണ്ണൂര്‍ വായനശാല മുതല്‍ നായിക്കാലി പാലം വരെ പൊടിശല്യം രൂ ക്ഷമായതിനാല്‍ സമീപത്തെ വീട്ടുക്കാര്‍ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പൊടിശല്യം കാരണം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിലേക്ക് തിരിഞ്ഞത്. അധികൃതരുടെ അനാസ്ഥയാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്ബ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും റോഡ് ഉപരോധം നടന്നിരുന്നു.
ഒരു വര്‍ഷം കൊണ്ട് നിര്‍മാണ പ്രവൃത്തി പൂര്ത്തീകരിക്കണമെന്നുണ്ടെങ്കിലും പ്രവൃത്തി പകുതി പോലുമായിട്ടില്ല. ചിലയിടങ്ങളില്‍ കാല്‍നട യാത്ര പോലും സാധ്യമല്ലാതെയായതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് ഉപരോധ സമരം നടത്തിയത്. മണ്ണൂര്‍ വായനശാല പരിസരത്ത് നടന്ന ഉപരോധ സമരം മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കെ.സി. മിനി ഉദ്ഘാടനം ചെയ്തു.
വി. കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. കെ.നാരായണന്, കെ.വിജയന്, ബിജു മണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.റീന, വി.സുലോചന, സി.മനോഹരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.


0 Comments