ബുധനാഴ്ച ദേശീയ പണിമുടക്ക്; കേരളം നിശ്ചലമാകുമെന്ന് സമരസമിതി





തിരുവനന്തപുരം: ബുധനാഴ്ചത്തെ ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സംയുക്ത സമരസമതി. കടകമ്ബോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും സമരസമിതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 24 മണിക്കൂര്‍ പണിമുടക്കിനാണ് തൊഴിലാളി സംഘടനകളുടെ ആഹ്വാനം.

44 തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് നാല് പുതിയ തൊഴില്‍ കോഡുകള്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് തൊഴിലാളി പ്രതിഷേധം. പ്രതിമാസ മിനിമം വേതനം 21,000 രൂപയാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. രാജ്യ വ്യാപക പണിമുടക്കില്‍ പകുതിയോളം സംസ്ഥാനങ്ങള്‍ നിശ്ചലമാകുമെന്നാണ് സംയുക്ത സമര സമിതിയുടെ അവകാശ വാദം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്കിംഗ്, മറ്റ് സര്‍വ്വീസ് മേഖലകള്‍ തുടങ്ങിയവയെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായി മാറും.

അവശ്യസര്‍വീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കനുകൂലികള്‍ തടയില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്കൊപ്പം ഷോപ്പിംഗ് മാളുകളോടും പണിമുടക്കില്‍ സഹകരിക്കാന്‍ സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സിഐടിയു,ഐഎന്‍ടിയുസി, എഐടിയുസി, എസ്‍ടിയു ,യുടിയുസി ,സേവ അടക്കം 19 സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും.