മസ്‌കാരയില്ലെങ്കില്‍ ഐലൈനര്‍, അല്ലെങ്കില്‍ പെട്രോളിയം ജെല്ലി... മേക്കപ്പ്കിറ്റ് കാലിയായാലും സാരമില്ല.
പാർട്ടിക്ക് ഒരുങ്ങുമ്പോഴാണ് ഐലൈനർ കാലിയായി കാണുന്നത്. മേക്കപ്പ് കിറ്റിൽ പരതിയപ്പോൾ കിട്ടിയത് ഐബ്രോ പെൻസിൽ. കൺപോളയിൽ കട്ടിയിൽ ഐബ്രോ പെൻസിൽ കൊണ്ട് വരച്ചു, ആർക്കും പിടികിട്ടിയില്ല. ഇതുപോലെ മേക്കപ്പ് കിറ്റിലെ ഓരോ സാധനങ്ങൾ തീർന്നുപോയാൽ എന്തുചെയ്യും?ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യാലോ..
ഫൗണ്ടേഷൻ തീർന്നുപോയാൽ ലൂസ് പൗഡർ പകരം ഉപയോഗിക്കാം. അല്ലെ ങ്കിൽ കൺസീലറായാലും മതി. ഇവ മോയിസ്ചുറൈസറിൽ മിക്സ് ചെയ്താൽ ഫൗണ്ടേഷൻ പുരട്ടിയതുപോലെയായി.
ബ്ലഷറിനു പകരം ലിപ്സ്റ്റിക് പരീക്ഷിക്കാം. ലിപ്സ്റ്റിക് വിരലിലാക്കി കവിളുകളിൽ നന്നായി തേച്ചു പിടിപ്പിക്കുക. അമിതമായ തിളക്കമോ എണ്ണമയമോ ഉണ്ടെങ്കിൽ കോട്ടൺ കൊണ്ടോ ടിഷ്യൂ കൊണ്ടോ തുടച്ചു കളയാം.
ലിപ്സ്റ്റിക് തീർന്നുപോയി, ലിപ് ലൈനറും ഇല്ല, ബ്ലഷർ ഉണ്ടല്ലോ...ആദ്യം ഫേസ് ക്രീമോ അല്ലെങ്കിൽ മോയിസ്ചുറൈസറോ ചുണ്ടിൽ പുരട്ടി മൃദുലമാക്കുക. ശേഷം ബ്രോൺസ് നിറത്തിലുള്ള ബ്ലഷർ വിരലുകൊണ്ട് ചുണ്ടിൽ തേച്ചു പിടിപ്പിക്കാം.
ഐലൈനറിനു പകരം ഐഷാഡോ നല്ലൊരു ഓപ്ഷനാണ്. ഐലൈനറിന്റെ ഗുണം കിട്ടാനായി ഐഷാഡോ ബ്രഷ് ഒന്നു നനച്ച ശേഷം ഇടാം. ഇനി ഐഷാഡോ ആണ് പണിതരുന്നതെങ്കിൽ പകരം ബ്ലഷർ ഐഷാഡോ ആയി ഉപയോഗിക്കാം. കോട്ടണിൽ ബ്ലഷറെടുത്ത് കണ്ണുകൾക്കു മീതെ പുരട്ടാം.
മസ്ക്കാരയില്ലെങ്കിൽ ഐലൈനർ ബ്രഷ് ഉപയോഗിച്ച് മസ്ക്കാരയിടാം. അല്ലെങ്കിൽ പെട്രോളിയം ജെല്ലി പുരട്ടാം. കൺപീലികളിൽ പെട്രോളിയം ജെല്ലി പുരട്ടുമ്പോൾ തിളക്കമുള്ളതായി തോന്നും.
ഫൗണ്ടേഷനും ബ്ലഷറും കൺസീലറും ഐലൈനറും ഒന്നുമില്ലെങ്കിലോ.... ലിപ്സ്റ്റിക്കിന്റെ പല നിറത്തിലുള്ള പാലറ്റ് ഉണ്ടെങ്കിൽ അതുമതി. അതിൽ പിങ്ക്, ക്രീം തുടങ്ങി പല നിറങ്ങളുടെ ലൈറ്റ്, ഡാർക്ക് ഷെയ്ഡുകൾ കാണാതിരിക്കില്ല. അവ ഉപയോഗിച്ച് ഒരു ഫുൾ മേക്കപ്പ് തന്നെ ചെയ്യാം. ലൈറ്റ് ഷെയ്ഡുകൾ കൺസീലറായി മുഖത്തിടാം.താടിയുടെയും മൂക്കിന്റെയും കട്ടിങ്ങിന് ഡാർക്ക് ബ്രൗൺ ഷെയ്ഡ് നൽകാം. ബ്ലഷറായി ലൈറ്റ് ഷെയ്ഡുകൾ തിരഞ്ഞെടുക്കാം. ഇഷ്ടമുള്ള ലിപ്സ്റ്റിക് വിരലുകൊണ്ടോ കോട്ടൺ കൊണ്ടോ ഐഷാഡോയ്ക്ക് പകരം കൺപോളകളിൽ പുരട്ടാം. ശേഷം ലൂസ് പൗഡർ പഫ് ഉപയോഗിച്ച് മുഖമൊന്നു മിനുക്കിയാൽ മതി.
കടപ്പാട്:അനില ജോസഫ്
ബ്യൂട്ടി കെയർ സൊല്യൂഷൻസ്, തിരുവനന്തപുരം


0 Comments