മരുഭൂമിയിലെ കഥപറഞ്ഞ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിസാന്‍, ലാന്‍ഡ് ലോവര്‍ വിന്റേജ് വാഹനങ്ങള്‍.



മരുഭൂമിയുടെ കഥപറഞ്ഞ വിന്റേജ് വാഹനങ്ങളുടെ പ്രദർശനം അൽ ഹൊസനിൽ ചൊവ്വാഴ്ച സമാപിക്കും. യു.എ.ഇ.യുടെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒട്ടേറെ വാഹനങ്ങളാണ് ഒരു മാസക്കാലത്തിലധികം നീണ്ടുനിന്ന പ്രദർശനത്തിൽ അവതരിപ്പിച്ചത്.

നാൽപ്പതും അൻപതും വർഷം പഴക്കമുള്ള വാഹനങ്ങൾ കാണാനും ഫോട്ടോകളെടുക്കാനും നിരവധിപ്പേരാണ് അൽ ഹൊസനിൽ എത്തിയത്.

അറുപതുകളിലെ യു.എ.ഇ.യിലെ മരുഭൂമികളിലൂടെയുള്ള വാഹനയാത്രകളും അപ്രതീക്ഷിത വെല്ലുവിളികളുമെല്ലാം വിശദീകരിക്കുന്ന ഫോട്ടോപ്രദർശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ആ കാലഘട്ടത്തിലെ സാമൂഹികാവസ്ഥ, ജനജീവിതം, പ്രകൃതി എന്നിവയെല്ലാം വരച്ചുകാട്ടുന്നതായിരുന്നു ചിത്രങ്ങൾ.

ലോകത്തിലെ എല്ലാ മുൻനിര ബ്രാൻഡുകളുടെയും വാഹനങ്ങളുടെ പ്രധാന വിപണികളിലൊന്നാണ് യു.എ.ഇ. ലോകത്തിലെ ഏറ്റവുംപുതിയ വാഹനം യു.എ.ഇ. നിരത്തുകളിൽ കാണാൻ കഴിയും.

എന്നാൽ റോഡുകളും വഴികളുമില്ലാത്ത യു.എ.ഇ.യും അതിജീവനത്തിനായി മാത്രം വാഹനങ്ങളെ ഉപയോഗപ്പെടുത്തിയിരുന്ന ഒരു സമൂഹവും എങ്ങനെയായിരുന്നുവെന്ന് പുതുതലമുറയോട് പറയാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. ഇന്നത്തെ മുൻനിര വാഹനങ്ങളിൽ പലതിന്റേയും ആദ്യകാല മോഡലുകൾ പ്രദർശനത്തിനെത്തിച്ചിരുന്നു.

ഫോർമുല വൺ ഗ്രാൻഡ്പ്രീ, ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ എന്നിവയ്ക്കെല്ലാം നൂറുകണക്കിന് വിദേശസന്ദർശകരും ഈ പുരാതന കോട്ടയിൽ സംഘടിപ്പിച്ച പ്രദർശനം കാണാൻ എത്തിയിരുന്നു.